കൊല്ലം: അഞ്ചാലുംമൂട്ടിൽ പത്ത് കിലോ കഞ്ചാവുമായ് ഒഡീഷാ സ്വദേശി അറസ്റ്റിലായി. ഒഡീഷ ഗജപതി ഗുലൂബാ വീട്ടിൽ ബ്രഹ്‌മദാഷ് നായകാണ് (55) പിടിയിലായത്. കൊല്ലം നഗരത്തിൽ വിതരണം ചെയ്യുന്നതിന് ഒഡീഷയിൽ നിന്ന് കൊണ്ടുവരുന്ന വഴി അഞ്ചാലുംമൂട് പെരിനാട് റെയിൽവേ സ്റ്റേഷനിൽ വച്ച് കൊല്ലം സബ് ഡിവിഷന്റെ ഡാൻസാഫ് ടീമും അഞ്ചാലുംമൂട് പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഒഡീഷയിൽ നിന്ന് ട്രെയിനിൽ വരവെ കൊല്ലം റെയിൽവേ സ്റ്റേഷനിലെത്തിയാൽ പിടിക്കപ്പെടുമെന്ന് മനസിലാക്കി പെരിനാട് റെയിൽവേ സ്റ്റേഷനിലെത്തി കൊല്ലം ടൗണിലേക്ക് ഓട്ടോറിക്ഷയിൽ വരാൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്. രണ്ടാഴ്ചയ്ക്കുള്ളിൽ രണ്ടാം തവണയാണ് ഒഡീഷാ സ്വദേശികൾ അറസ്റ്റിലാകുന്നത്. രണ്ടാഴ്ച മുമ്പ് 21 കിലോ കഞ്ചാവുമായി ഒഡീഷ, ജാർഖൺഡ് സ്വദേശികളായ രണ്ടുപേരെ പള്ളിത്തോട്ടം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം എ.സി.പി എസ്.ഷരീഫിന്റെ നേതൃത്വത്തിൽ അഞ്ചാലുംമൂട് സി.ഐ ഇ.ബാബു, ഡാൻസാഫ് എസ്.ഐ കണ്ണൻ, ടീം അംഗങ്ങളായ ഹരി, ബൈജു ജെറോം, ദിലീപ് റോയ്, അഞ്ചാലുംമൂട് ജി.എസ്.ഐ പ്രദീപ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |