തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ വിവിധ ഇടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ മൂന്നുപേർക്ക് ദാരുണാന്ത്യം. അശ്രദ്ധയും അമിതവേഗവുമാണ് അപകടത്തിനിടയാക്കിയത്.
തൃശൂർ കുന്നംകുളത്തിനടുത്ത് ആംബുലൻസിൽ കാറിടിച്ച് രണ്ടുപേരും പത്തനംതിട്ട മൈലപ്രയിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനുമാണ് മരിച്ചത്. ഇടുക്കി കട്ടപ്പനയിൽ ബസ് സ്റ്റാൻഡിലേക്ക് സ്വകാര്യ ബസ് ഇടിച്ചുകയറി മൂന്നുപേർക്ക് പരിക്കേറ്റു.
എറണാകുളത്തെ ആശുപത്രിയിൽ നിന്നും ചികിത്സ കഴിഞ്ഞ് കണ്ണൂരിലേക്ക് മടങ്ങുകയായിരുന്ന രോഗി ഉൾപ്പെട്ട സംഘം സഞ്ചരിച്ച ആംബുലൻസിൽ കാറിടിച്ചാണ് രണ്ടുപേർ മരിച്ചത്. ആറു പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം. ആംബുലൻസിലുണ്ടായിരുന്ന കണ്ണൂർ ചെറുക്കുന്ന് വീട്ടിൽ കുഞ്ഞിരാമൻ (87), കാറിലുണ്ടായിരുന്ന കൂനമ്മൂച്ചി കുത്തൂർ വീട്ടിൽ ആന്റോ ഭാര്യ പുഷ്പ (55) എന്നിവരാണ് മരിച്ചത്. പുഷ്പയുടെ ഭർത്താവ് ആന്റോയുടെ നില ഗുരുതരമാണ്.
ഇന്നലെ വൈകിട്ട് 3.55ന് തൃശൂർ- കുറ്റിപ്പുറം സംസ്ഥാനപാതയിൽ കാണിപ്പയ്യൂരിലായിരുന്നു അപകടം. ഓട്ടോയെ മറികടക്കുന്നതിനിടെ പാഞ്ഞെത്തിയ കാർ ആംബുലൻസിൽ ഇടിക്കുകയായിരുന്നു. ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞു. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.
അമിത വേഗത്തിലായിരുന്നില്ലെങ്കിലും പെട്ടെന്ന് കാർ മുന്നിലേക്ക് വന്നതോടെ ആംബുലൻസിന് മാറാൻ കഴിയാതെ വന്നതാണ് അപകടത്തിനിടയാക്കിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
പത്തനംതിട്ട മൈലപ്രയിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടറിൽ സഞ്ചരിച്ച തമിഴ്നാട് സ്വദേശി ഷൺമുഖനാണ് (55) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ മൈലപ്ര പോസ്റ്റ് ഓഫീസ് ജംഗ്ഷന് സമീപത്തായിരുന്നു അപകടം. മേസ്തരി പണിക്കാരനായ ഷൺമുഖൻ മുപ്പത് വർഷമായി കുടുംബസമേതം മണ്ണാറകുളഞ്ഞിയിലാണ് താമസം.
കട്ടപ്പനയിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് ബസ് സ്റ്റാൻഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇന്നലെ വൈകുന്നേരം 5.30നായിരുന്നു അപകടം. കൊച്ചുതോവാള സ്വദേശികളായ ബ്രിയാന്റോ (17),അറക്കൽ അർനോൾഡ് (16) എന്നിവർക്കും ബസ് കണ്ടക്ടർ ഉദയഗിരി വാകവയലിൽ ജ്യോതിഷ്‌കുമാർ (23) എന്നിവർക്കും പരിക്കേറ്റു.
സ്വകാര്യബസിന് തീപിടിച്ചു
കൊണ്ടോട്ടി : കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ കൊണ്ടോട്ടിക്ക് സമീപം യാത്രയ്ക്കിടെ സ്വകാര്യബസിന് തീപിടിച്ചു. ബസിലുണ്ടായിരുന്ന 15ഓളം യാത്രക്കാരെ ലോക്കായ വാതിൽ ചവിട്ടിപ്പൊളിച്ചും ജനൽവഴിയും അതിവേഗം പുറത്തെത്തിക്കാനായതിനാൽ ദുരന്തം ഒഴിവായി. ബസ് പൂർണമായും കത്തിനശിച്ചു. ഇന്നലെ രാവിലെ 8.40നാണ് സംഭവം. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ബസിനെന്തോ പ്രശ്നം തോന്നി നിറുത്തി പരിശോധിക്കുന്ന സമയത്താണ് പുകയുയരുന്നത് കണ്ടതെന്ന് ഡ്രൈവർ അബ്ദുൾ ഖാദർ പറഞ്ഞു. നിമിഷങ്ങൾക്കകം ബസിൽ നിന്ന് കനത്ത പുകയുയർന്നു. പിന്നാലെ തീ ആളിപ്പടരുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |