തൃശൂർ: കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയുടെ വിജയത്തിനായി ബി.ജെ.പി ആയിരക്കണക്കിന് വോട്ടുകൾ കൃത്രിമമായി ചേർത്തെന്ന ആരോപണവുമായി യു.ഡി.എഫും എൽ.ഡി.എഫും. അതിനെ പ്രതിരോധിക്കാൻ ബി.ജെ.പി രംഗത്തെത്തിയതോടെ വിവാദത്തിന് ചൂടേറി. രണ്ട് മുന്നണികളും തെളിവുകൾ നിരത്തുമ്പോൾ, ഇടതു സ്ഥാനാർത്ഥിയായിരുന്ന വി.എസ്.സുനിൽ കുമാറിന്റെ ബൂത്തിലെ വോട്ടു ചോർച്ച ഉൾപ്പെടെ ഉയർത്തിക്കാട്ടിയാണ് ബി.ജെ.പിയുടെ തിരിച്ചടി.
നഗരത്തിലെ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് മറ്റ് മണ്ഡലങ്ങളിലെ അടക്കം വോട്ടർമാരെ ചേർത്ത് വിജയം ഒരുക്കിയെന്നാണ് ആരോപണം. മുൻ കളക്ടറും തിരഞ്ഞെടുപ്പ് വരണാധികാരിയുമായ കൃഷ്ണ തേജയ്ക്ക് ലഭിച്ച പരാതി ഉന്നത തലങ്ങളിലേക്ക് കൈമാറിയില്ലെന്ന ആരോപണവുമുണ്ട്. തിരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി സഖ്യം ഭരിക്കുന്ന ആന്ധ്രാപ്രദേശിലെ ഉപ മുഖ്യമന്ത്രിയുടെ ടീമിലേക്കാണ് കൃഷ്ണ തേജ പോയത് പരാതി ലഭിച്ചിട്ടില്ലെന്ന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ അഭിപ്രായം അടിസ്ഥാന രഹിതമാണെന്ന് എൽ.ഡി.എഫും യു.ഡി.എഫും ആരോപിക്കുന്നു.
തൃശൂരിൽ വോട്ടുകൾ മുഴുവൻ അവസാന ഘട്ടത്തിൽ ചേർത്തെന്നാണ് ഇടത്, വലത് മുന്നണികൾ പറയുന്നത്. ആലത്തൂർ, ചാലക്കുടി മണ്ഡലങ്ങളിലെ വോട്ടർമാരെ തൃശൂരിൽ ചേർത്തെന്ന ആരോപണമാണ് പ്രധാനമായും ഉയർത്തുന്നത്. വോട്ടർ പട്ടികയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി തെളിവ് സഹിതമുള്ള രേഖകൾ ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് പുറത്തു വിട്ടിരുന്നു. ബൂത്ത് നമ്പർ 116ൽ 1016 മുതൽ 1026 വരെയുള്ള ക്രമനമ്പറിൽ ബി.ജെ.പി സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെയും സഹോദരൻ സുഭാഷ് ഗോപിയുടെയും കുടുംബാംഗങ്ങൾ വോട്ടുകൾ ചേർത്തിരുന്നുവെന്ന് കോൺഗ്രസ് ആരോപിക്കുന്നു.
30,000ലധികം വോട്ട് ചേർത്തു: എം.എ. ബേബി
തൃശൂർ ലോക്സഭാ മണ്ഡലത്തിൽ ബി.ജെ.പി 30,000ലധികം വോട്ടുകൾ കൃത്രിമമായി ചേർത്തെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി. സമീപത്തെ മണ്ഡലങ്ങളിലുള്ളവർ വ്യാജ മേൽവിലാസങ്ങളിലായി തൃശൂർ നഗരത്തിൽ വോട്ട് ചേർത്തു. ഇവർ രണ്ട് മണ്ഡലങ്ങളിലും വോട്ട് ചെയ്തു. ബി.ജെ.പി ഭരണത്തിന്റെ അനുബന്ധം പോലെയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ പെരുമാറുന്നത്. ബി.എൽ.ഒമാരുൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞ ദിവസം ഡൽഹിയിൽ കമ്മിഷൻ വിളിച്ചു. ബൂത്ത് പരിധിയിൽ രണ്ടു ദിവസമെങ്കിലും താമസിച്ചതായി തെളിവുണ്ടെങ്കിൽ വോട്ടർപ്പട്ടികയിൽ പേരുചേർക്കാമെന്നാണ് നിർദ്ദേശം നൽകിയത്. നിലവിൽ ആറു മാസമെങ്കിലും താമസിച്ചവരെയാണ് ചേർക്കാറുള്ളത്. ഇത് മാറ്റിയാണ് രണ്ട് ദിവസമാക്കുന്നത്. മറുഭാഗത്ത് സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ വഴി കൂട്ടത്തോടെ പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ചെയ്യുന്നു. രാഹുൽഗാന്ധിയുടെ വെളിപ്പെടുത്തലുകൾ സ്ഫോടനാത്മകമാണ്. വിഷയത്തിൽ മറുപടി പറയണമെന്ന് രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വോട്ടർമാരെ അപമാനിക്കുന്നു:
എം.ടി. രമേശ്
തൃശൂരിലെ വോട്ടർമാരെ അപമാനിക്കാനാണ് സി.പി.എമ്മിന്റെയും കോൺഗ്രസിന്റെയും നേതൃത്വം ശ്രമിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബി.ജെ.പി പ്രവർത്തകരുടെ കഠിനപ്രയത്നമാണ് സുരേഷ് ഗോപിയുടെ വിജയം. വോട്ടർമാരെ വെല്ലുവിളിക്കുകയാണ്. സുരേഷ് ഗോപിയുടെ വിജയത്തിന്റെ ഞെട്ടലിൽ നിന്ന് സി.പി.എമ്മിന്റെയും കോൺഗ്രസിന്റെയും നേതാക്കൾ ഇതുവരെ മോചിതരായിട്ടില്ല. കുറച്ചുനാൾ പൂരത്തിന്റെ പിറകെയായിരുന്നു. അത് ക്ലച്ച് പിടിക്കാതെ വന്നതോടെയാണ് വോട്ടർ പട്ടികയുമായി രംഗത്തുവന്നത്. കോൺഗ്രസിന്റെയും സി.പി.എമ്മിന്റെയും നേതാക്കൾ ഇതിനുവേണ്ട ചികിത്സയ്ക്ക് അടിയന്തരമായി വിധേയരാകണം. തിരുവനന്തപുരത്ത് നിന്ന് വോട്ട് വെട്ടിമാറ്റിയാണ് സുരേഷ് ഗോപിയും കുടുംബവും തൃശൂരിൽ വോട്ട് ചേർത്തത്. എല്ലാവരും ചെയ്യുന്ന കാര്യമാണതെന്നും അദ്ദേഹം പറഞ്ഞു. സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, സംസ്ഥാന സെക്രട്ടറി എം.വി.ഗോപകുമാർ എന്നിവരും പങ്കെടുത്തു.
എൽ.ഡി.എഫിന്റെ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് വരുംനാളുകളിൽ ബൂത്ത് ലെവൽ പരിശോധന നടത്തും. കൃത്യമായ വിവരങ്ങൾ പിന്നീട് പുറത്തുവിടും.
-വി.എസ്.സുനിൽ കുമാർ
വോട്ട് നിലവാരം
ആകെ പോൾ ചെയ്ത വോട്ട്:10,90,876
സുരേഷ് ഗോപി: 4,12,338
അഡ്വ. വി.എസ്. സുനിൽകുമാർ: 337652
കെ. മുരളീധരൻ: 3,28,124
ഭൂരിപക്ഷം: 74,686
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |