ആലപ്പുഴ: വനിതകൾ സിനിമാമേഖലയിൽ ഭാരവാഹികളായി വരട്ടെ എന്ന് മന്ത്രി സജി ചെറിയാൻ. പുരുഷന്മാർ ആധിപത്യം സ്ഥാപിച്ചാൽ പോരല്ലോ. സ്ത്രീകൾ ആദ്യമായാണ് ഇത്രയും മത്സരത്തിലേക്ക് വരുന്നത്. അവർക്ക് പ്രാധാന്യം നൽകണമെന്നാണ് അഭിപ്രായം. അമ്മ സംഘടനയ്ക്കകത്തുള്ള പ്രശ്‌നം അവർ തന്നെ ചർച്ച ചെയ്ത് പരിഹരിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.
ശ്വേതമേനോനെതിരായ കേസ് നിലനിൽക്കില്ല. അങ്ങനെയുള്ള കുറ്റം അവർ ചെയ്തിട്ടില്ല. അവർ മറ്റ് സ്വഭാവമുള്ള ആളല്ല. സമ്പത്തിന് വേണ്ടി ഒന്നും ചെയ്യുമെന്ന് സമൂഹം വിശ്വസിക്കുന്നില്ല.
അമ്മയിലേക്ക് അവർ മത്സരിച്ച് വിജയിക്കുന്ന സാഹചര്യമുണ്ടെങ്കിൽ സമർത്ഥയായ ഭാരവാഹിയായി മാറും. അവർ മികച്ച നടിയും മലയാള സിനിമയ്ക്ക് ഒരുപാട് സംഭാവനകൾ നൽകിയ കരുത്തുറ്റ സ്ത്രീയുമാണ്. കേരളത്തിലെ സ്ത്രീകൾക്ക് ധൈര്യം പകരാൻ കഴിയുന്ന വ്യക്തിയാണ്.
സിനിമാരംഗത്തെ പരസ്പരം യോജിപ്പിച്ച് കാര്യങ്ങൾ കൊണ്ടുപോകണമെന്ന നിർദ്ദേശമാണ് സർക്കാർ നൽകിയിരിക്കുന്നത്. അതിനാണ് കോൺക്ലേവ് നടത്തിയത്. വ്യത്യസ്ത തലത്തിൽ ചിന്തിക്കുന്ന എല്ലാവരെയും അണിനിരത്തി. അതിന്റെ ഫലമായി മാറ്റം ഉണ്ടായി. ഇനി സംസ്ഥാന സിനിമാനയം വരുന്നതോടെ ഇത് പൂർണതയിലെത്തും. സിനിമാനയം മൂന്ന് മാസത്തിനകം നിലവിൽ വരുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |