തിരുവനന്തപുരം: അമ്മാവൻ അനന്തരവനെ ഡ്രൈവിംഗ് പരിശീലിപ്പിക്കുന്നതിനിടെ തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് മുന്നിൽ നിയന്ത്രണം വിട്ട കാർ ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അഞ്ചുപേർക്ക് പരിക്കേറ്റു. നാലുപേരുടെ നില ഗുരുതരം. ഇന്നലെ ഉച്ചയ്ക്ക് 12.15നായിരുന്നു അപകടം. ബ്രേക്കിന് പകരം ആക്സിലേറ്ററിൽ ചവിട്ടിയതോടെയാണ് കാർ അമിതവേഗതയിൽ പാഞ്ഞുകയറിയത്.
ഫുട്പാത്തിനോട് ചേർന്നുള്ള ഓട്ടോസ്റ്റാൻഡിലെ ഡ്രൈവർമാരായ അഴീക്കോട് താമസിക്കുന്ന പേട്ട സ്വദേശി ഷാഫി (52), കുറ്റിച്ചലിൽ താമസിക്കുന്ന കണ്ണമ്മൂല സ്വദേശി സുരേന്ദ്രൻ (സുരൻ - 54), അയിരൂപ്പാറയിൽ താമസിക്കുന്ന പേട്ട സ്വദേശി കുമാർ, കാൽനടക്കാരായ വള്ളക്കടവ് മുട്ടത്തറ സ്വദേശി ശ്രീപ്രിയ (23), കൊല്ലം ശാസ്താംകോട്ട സ്വദേശി ആഞ്ജനേയൻ (23) എന്നിവർക്കാണ് പരിക്കേറ്റത്. കുമാർ ഒഴികെ മറ്റുള്ളവരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ശ്രീപ്രിയയും ആഞ്ജനേയനും റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. കാർ പാഞ്ഞുവരുന്നത് കണ്ട് ആഞ്ജനേയൻ ശ്രീപ്രിയയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഇരുവരേയും കാർ ഇടിച്ചുതെറിപ്പിച്ചു. പാറ്റൂർ ഭാഗത്തുനിന്നെത്തിയെ കാർ ഫുട്പാത്തിന്റെ ഇരുമ്പ് കൈവരി ഇടിച്ചുതകർത്താണ് നിന്നത്.
ലൈസൻസ് എടുത്തത് 2019ൽ
വലിയവിള കവിതഭവനിൽ എ.കെ.വിഷ്ണുനാഥാണ് കാർ ഓടിച്ചത്. ഇയാളുടെ അമ്മാവൻ വിജയനും കാറിലുണ്ടായിരുന്നു. ഡ്രൈവിംഗ് ലൈസൻസ് ഉണ്ടെങ്കിലും സഹോദരീ പുത്രനായ വിഷ്ണുനാഥിനെ കാർ ഓടിക്കുന്നതിൽ പരിശീലനം നൽകുകയായിരുന്നു വിജയൻ. പൊലീസ് കേസെടുത്തു.രണ്ടുപേരുടേയും ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തേക്കും. വാക്സിൻ എടുക്കാനായി ജനറൽ ആശുപത്രിയിലെത്തിയ ട്രാൻസ്പോർട്ട് കമ്മിഷണർ സി.എച്ച്. നാഗരാജു ഉടൻ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. 2019ലാണ് വിഷ്ണുനാഥിന് ലൈസൻസ് ലഭിച്ചതെന്ന് നാഗരാജു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |