തൃശൂർ: ആർ.എസ്.എസ് തന്ത്രങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച 'വിഭജന ഭീകര ദിനം' കേരളത്തിലെ സർവകലാശാലകളിൽ ആചരിക്കണമെന്ന ഗവർണറുടെ നിർദ്ദേശം കലാലയങ്ങൾ തള്ളിക്കളയണമെന്ന് മന്ത്രി ആർ.ബിന്ദു. സ്വാതന്ത്ര്യദിന തലേന്നായ 14ന് വിഭജന ഭീകര ദിനം ആചരിക്കണമെന്നാണ് ഗവർണറുടെ കത്ത്. ഇത് നാടിന്റെ മതനിരപേക്ഷ മൂല്യങ്ങൾ തകർക്കും. കലാലയങ്ങളിലെ വിധ്വംസക,വിഭാഗീയ ചിന്തകളും ഭിന്നിപ്പും സൃഷ്ടിക്കും. ചാൻസിലറുടെ കിങ്കരന്മാരായ, സർവകലാശാലകളിലെ താക്കോൽ സ്ഥാനത്തുള്ളവർ ഇത് കലാലയങ്ങളിൽ നടപ്പാക്കാൻ ആഹ്വാനം ചെയ്‌തേക്കാം.
സർവകലാശാല സമൂഹം ഇത് പ്രതിരോധിക്കണം. മനുവാദ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ മതരാഷ്ട്ര നിർമ്മിതിയ്ക്ക് യുവജനങ്ങളെ വഴിതെറ്റിക്കാൻ സംഘപരിവാർ ശ്രമിക്കുന്നുണ്ട്. ഭരണഘടനാ - ജനാധിപത്യമൂല്യങ്ങളും സമഭാവനയും വളർത്താനാണ് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. സ്വാതന്ത്ര്യസമര പോരാളികളുടെയും ധീര ദേശാഭിമാനികളുടെയും ചിന്തകളാണ് അന്ന് പങ്കുവയ്‌ക്കേണ്ടത്. ഇത് തടഞ്ഞ് മതസ്പർദ്ധ വളർത്താനുള്ള സംഘപരിവാർ നീക്കം പൊതുസമൂഹം തിരിച്ചറിയണം. സ്വാതന്ത്ര്യദിനാഘോഷത്തിൽ താൽപര്യമില്ലാത്തവരാണ് അവരെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |