തൃശൂർ : സ്കൂൾ ആഘോഷ വേളകളിൽ കുട്ടികൾക്ക് യൂണിഫോം ഒഴിവാക്കുമെന്ന് മന്ത്രി വി.ശിവൻ കുട്ടി. ഓണം, റംസാൻ, ക്രിസ്മസ് ആഘോഷങ്ങളിൽ കളറായി വരാം.. തൃശൂരിൽ സ്‌കൂൾ കലോത്സവത്തിന്റെ സ്വാഗത സംഘം യോഗത്തിലാണ് പ്രഖ്യാപനം. കുട്ടികൾ പൂമ്പാറ്റകളായി പറക്കട്ടെയെന്നും മന്ത്രി പറഞ്ഞു.
സ്‌കൂൾ കലോത്സവത്തിൽ മൂന്ന് വർഷം തുടർച്ചയായി പങ്കെടുത്ത വിധി കർത്താക്കളെ ഒഴിവാക്കും. പരീക്ഷകളിൽ മിനിമം മാർക്ക് മുപ്പത് ശതമാനം 5, 6, 7, 9 ക്ലാസിലും ഒന്നാം പാദ വാർഷിക പരീക്ഷ മുതൽ നടപ്പിലാക്കുമെന്ന് തുടർന്ന് വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. മിനിമം മാർക്ക് കിട്ടാത്ത കുട്ടികളുള്ള കൂടുതൽ വിദ്യാലയങ്ങളുണ്ടെങ്കിൽ അതിൽ നടപടിയുണ്ടാകും.അടുത്ത വർഷം മുതൽ ഹയർ സെക്കൻഡറി പാഠപുസ്തകം പരിഷ്‌കരിക്കും. കുട്ടികളുടെ പുസ്തക ഭാരം കുറയ്ക്കും. പുതുതായി പണിയുന്ന കെട്ടിടങ്ങൾക്ക് ലിഫ്റ്റ് നിർമ്മിക്കും. വായനാശീലം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഗ്രേസ് മാർക്ക് നൽകും. അഞ്ച് മുതൽ 12 വരെ ക്ളാസുകളിൽ പത്ര വായനയ്ക്ക് ഉൾപ്പെടെ ആഴ്ചയിലൊരിക്കൽ പിരീയഡ് നൽകുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്.
അംഗപരിമിതർക്ക് പ്രത്യേക പുസ്തകം തയ്യാറാക്കുന്ന കാര്യം ആലോചിക്കും. പാചകത്തൊഴിലാളികളുടെ ജോലിഭാരം പരിഗണിച്ച്, 300 കുട്ടികൾക്ക് ഒരു പാചകത്തൊഴിലാളിയെന്ന അനുപാതം നടപ്പാക്കും. പാചകത്തൊഴിലാളികളുടെ വിരമിക്കൽ പ്രായം 65 വയസായി നിജപ്പെടുത്താനും ഇൻഷ്വറൻസ് പരിഗണിക്കാനും തീരുമാനിച്ചു. ഇന്ത്യയിൽ ആദ്യമായി, ശ്രവണ - കാഴ്ച പരിമിതി വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി
1 മുതൽ 3 വരെ ക്ലാസുകളിലേക്ക് പ്രത്യേക പാഠപുസ്തകം തയ്യാറാക്കി. കേന്ദ്ര സർക്കാർ പറയുന്നത് പോലെ കേരളത്തിൽ ഒരു സ്‌കൂളും പൂട്ടിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
അപകടാവസ്ഥയിലുള്ള
കെട്ടിടങ്ങൾ പൊളിക്കും
സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്‌കൂളുകളിലെ അപകടാവസ്ഥയിലുള്ള പഴയ കെട്ടിടങ്ങൾ അടിയന്തരമായി പൊളിച്ചു നീക്കും. ഇതിന്റെ
വിശദ വിവരങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ ശേഖരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |