കൊച്ചി: സി.എം.ആർ.എൽ കമ്പനി മുഖ്യമന്ത്രിയുടെ മകളുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസ് അടക്കമുള്ള സ്ഥാപനങ്ങളുമായി നടത്തിയ ഇടപാടുകൾ സംബന്ധിച്ച് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ) നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടും അനുബന്ധ രേഖകളും പരാതിക്കാരനായ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജിന് നൽകാനുള്ള എറണാകുളം അഡിഷണൽ സെഷൻസ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.
തങ്ങളടക്കമുള്ളവരെ കേൾക്കാതെയാണ് ഷോണിന്റെ ഹർജിയിൽ ഏപ്രിൽ 24ന് എറണാകുളം അഡി. സെഷൻസ് കോടതി രേഖകൾ അനുവദിച്ച് ഉത്തരവിട്ടതെന്ന് ചൂണ്ടിക്കാട്ടി സി.എം.ആർ.എൽ നൽകിയ ഹർജി അനുവദിച്ചാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ നടപടി.
ആവശ്യപ്പെട്ട എല്ലാ രേഖകളും അനുവദിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഷോൺ ജോർജ് നൽകിയ ഹർജി തള്ളുകയും ചെയ്തു. ഷോണിന്റെ അപേക്ഷ വീണ്ടും പരിഗണിച്ച് സി.എം.ആർ.എൽ അടക്കമുള്ളവരെയും കേട്ട് ഉചിതമായ ഉത്തരവിടാൻ സെഷൻസ് കോടതിക്ക് നിർദ്ദേശം നൽകി.
എസ്.എഫ്.ഐ.ഒ അന്വേഷണത്തിന്റെ രേഖകൾ ആവശ്യപ്പെട്ട് ഷോൺ ജോർജ് നൽകിയ അപേക്ഷയിലാണ് അഡിഷണൽ സെഷൻസ് കോടതിയുടെ ഉത്തരവുണ്ടായത്. അന്വേഷണം നടക്കുന്നതിനിടെ കേസുമായി ബന്ധമില്ലാത്തയാൾ നൽകിയ അപേക്ഷയിൽ രേഖകൾ കോടതിക്ക് അനുവദിക്കാനാവില്ലെന്നായിരുന്നു സി.എം.ആർ.എല്ലിന്റെ വാദം. അന്വേഷണത്തിന് പിന്നിൽ താനാണെന്ന തരത്തിൽ കോടതിയെ സമീപിച്ച് രേഖകൾ സമ്പാദിച്ച് മാദ്ധ്യമങ്ങൾക്ക് നൽകുകയാണ് പരാതിക്കാരന്റെ ലക്ഷ്യമെന്നും സ്ഥാപനത്തിന്റെ അന്തസ് തകർക്കുകയാണ് ഉദ്ദേശ്യമെന്നും ആരോപിച്ചു.
എസ്.എഫ്.ഐ.ഒ അന്വേഷണം ആവശ്യപ്പെട്ട് ഷോൺ നൽകിയ ഹർജിയിലാണ് അന്വേഷണത്തിന് കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി നിർദ്ദേശിച്ചത്. അന്വേഷണം പൂർത്തിയാകുമ്പോൾ തുടർനടപടികൾ സ്വീകരിക്കാൻ ഹർജിക്കാരന് സ്വാതന്ത്ര്യമുണ്ടായിരിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അതിനാൽ, രേഖകൾ നൽകാൻ ഉത്തരവിടണമെന്ന ഷോണിന്റെ ആവശ്യം അംഗീകരിച്ചില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |