ചേർത്തല : കടക്കരപ്പള്ളിയിൽ നിന്ന് വർഷങ്ങൾക്ക് മുമ്പ് കാണാതായ ബിന്ദു പത്മനാഭനെ, ജെയ്നമ്മ തിരോധാനക്കേസിൽ റിമാൻഡിലുള്ള പ്രതി ചേർത്തല പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യൻ കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തൽ.
സെബാസ്റ്റ്യന്റെ സുഹൃത്തും ഭൂമി ഇടനിലക്കാരനുമായ കടക്കരപ്പള്ളി സ്വദേശിയും ചേർന്ന് മയക്കുമരുന്ന് നൽകി സെബാസ്റ്റ്യന്റെ വീട്ടിലെകുളിമുറിയിൽ വച്ച് കൊലപ്പെടുത്തിയെന്നാണ് കടക്കരപ്പള്ളി സ്വദേശിനിയായ ശശികല എന്ന വീട്ടമ്മ മാദ്ധ്യമങ്ങളോട് പറഞ്ഞത്.
മറ്റൊരു ഭൂമി ഇടനിലക്കാരൻ തന്നോട് ഇതേപ്പറ്റി പറഞ്ഞുവെന്നാണ് ശശികല അവകാശപ്പെടുന്നത്.
നാലുവർഷം മുമ്പ് ശശികലയുടെ വീട് വില്പനയുമായി ബന്ധപ്പെട്ടുള്ള ഇടപാടുകളുടെ ഫോൺ സംസാരത്തിനിടെയാണ് ഇക്കാര്യം പറഞ്ഞത്. ബിന്ദു കൊല്ലപ്പെട്ടതായി അതിന് മുമ്പ് നേരിട്ടും തന്നോട് പറഞ്ഞിരുന്നതായി ശശികല വെളിപ്പെടുത്തി. ഫോണിലൂടെ നടത്തിയ സംഭാഷണം നേരത്തെ തന്നെ അന്വേഷണ സംഘത്തിനു കൈമാറിയതായും വീട്ടമ്മ പറഞ്ഞു. ബിന്ദുവിന്റെ തിരോധാനം വലിയ വാർത്തയായപ്പോഴാണ് സൗഹൃദ സംഭാഷണത്തിൽ ബിന്ദു ജീവിച്ചിരിപ്പില്ലെന്നും കൊന്നു കളഞ്ഞതായും സെബാസ്റ്റ്യന്റെ സുഹൃത്തായ ഇടനിലക്കാരൻ പറഞ്ഞത്. വീട്ടമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ, ഇപ്പോൾ കേസന്വേഷിക്കുന്ന സംസ്ഥാന ക്രൈംബ്രാഞ്ച് പ്രാഥമിക വിവരശേഖരണം നടത്തിയിട്ടുണ്ട്. വസ്തു ഇടനിലക്കാർ തമ്മിലുള്ള സംഭാഷണങ്ങളിലൂടെ പുറത്തുവന്ന കാര്യങ്ങളാണ് നിർണായകമായത്. ഇപ്പോൾ ആരോപണവിധേയനായ ഇടനിലക്കാരനും ബിന്ദു പത്മനാഭനുമായി ബന്ധമുണ്ടായിരുന്നതായുള്ള സൂചനകളും പുറത്തുവന്നിട്ടുണ്ട്.
ഏറ്റുമാനൂർ സ്വദേശിനി ജെയ്നമ്മയെ കാണാതായ കേസിലാണ് മൊബൈൽ ടവർ ലൊക്കേഷൻ പിന്തുടർന്നുള്ള അന്വേഷണത്തിൽ സെബാസ്റ്റ്യൻ കുടുങ്ങിയത്. ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ രക്തക്കറ ജെയ്നമ്മയുടേതാണെന്ന് ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |