പാലാ: പാലാ കെ.എം മാണി സ്മാരക ജനറൽ ആശുപത്റി കോമ്പൗണ്ടിൽ മാലിന്യങ്ങൾ നിറഞ്ഞ് കാടുകയറി കിടന്നിരുന്ന ഭാഗം
ആശുപത്റിയിലെ ഫിസിഷ്യൻ ഡോ. പി.എം. ഷാനുവിന്റെയും പാർട് ടൈം സ്വീപ്പർ ഹരികുമാർ മറ്റക്കരയുടേയും അദ്ധ്വാനത്തിൽ പച്ചപ്പുൽമേടയായി.
പേവാർഡിനോട് ചേർന്ന് കാരുണ്യ ഫാർമസിയിലേക്കുള്ള നടയുടെ ഇരുവശവും കാട്ടുപള്ളകളും പുല്ലും നിറഞ്ഞ് മലിനമായി കിടക്കുകയായിരുന്നു. ഈ ഭാഗം നന്നാക്കി പച്ചപ്പുല്ല് നട്ടുപരിപാലിച്ച് ഉദ്യാനമാക്കിയാലോയെന്ന ആശയം കഴിഞ്ഞ ഡിസംബറിൽ ഡോ. ഷാനുവും ഹരികുമാറും തമ്മിലുള്ള സംഭാഷത്തിനിടെയാണുണ്ടായത് . ഇക്കാര്യം ആശുപത്റി സൂപ്റണ്ട് ഡോ. അഭിലാഷിനെ അറിയിച്ചപ്പോൾ ഇദ്ദേഹത്തിനും സമ്മതം. അങ്ങനെ തൊട്ടടുത്ത ഞായറാഴ്ച തൂമ്പയും കൊട്ടയുമൊക്കെയായി ഡോ. ഷാനും ഹരികുമാറും തൊടിയിലിറങ്ങി. മാലിന്യം നീക്കുക എന്നുള്ളതുതന്നെ വലിയ പണിയായിരുന്നു. ഞായറാഴ്ചകളിലും അവധി ദിവസങ്ങളിലുമായാണ് ഇത് ചെയ്തത്. ആദ്യഘട്ടം പൂർത്തിയാക്കിയപ്പോൾതന്നെ ഡോ. അരുൺ, ഡോ. രേഷ്മ, നഴ്‌സിംഗ് സൂപ്റണ്ട് ഷെറീഫ വി.എം, എച്ച്.ഐ.സി ഓഫീസർമാരായ രാജു വി.ആർ, സിന്ധു പി. നാരായണൻ എന്നിവരുടെ നേതൃത്വത്തിൽ സഹജീവനക്കാരും പിന്തുണയുമായെത്തി. ചെടികളും മരങ്ങളും മറ്റും വെട്ടിനീക്കി മണ്ണ് കിളച്ച് കല്ലുകളും മറ്റും നീക്കി വൃത്തിയാക്കിയെടുത്തു. ജൂലായിൽ പച്ചപ്പുല്ല് പടർത്തി. ഇതിപ്പോൾ പച്ചപരവതാനി പോലെ മനോഹരമായി.
ഫോട്ടോഷൂട്ടിന് തിരക്ക്.
ആശുപത്റിയിലെ പ്റധാന പ്റവേശന കവാടത്തിന് അടുത്തായി തട്ടുതട്ടായുള്ള ഈ പുൽമേടയിൽ ഇപ്പോൾ ഫോട്ടോ ഷൂട്ടിനും മറ്റുമായി പലരും എത്തുന്നുണ്ട്. പച്ചപ്പുൽ ഗാർഡന്റെയും ഗാർഡൻ ക്ലബിന്റെയും ഉദ്ഘാടനം കഴിഞ്ഞ സ്വാതന്ത്റ്യദിനത്തിൽ സൂപ്റണ്ട് ഡോ. അഭിലാഷ് നിർവഹിച്ചു. ഡോ. പി.എം. ഷാനുവിനെയും ഹരികുമാർ മറ്റക്കരയെയും സൂപ്റണ്ട് പൊന്നാട അണിയിച്ചാദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |