മലപ്പുറം: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചേളാരി സ്വദേശിയായ 11കാരിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചതോടെ ജില്ല ജാഗ്രതയിൽ. ചൊവ്വാഴ്ച ഉച്ചയോടെയാണ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ രോഗലക്ഷണങ്ങളോടെ പെൺകുട്ടിയെ പ്രവേശിപ്പിച്ചത്. മൈക്രോബയോളജി ലാബിലെ സ്രവ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. സമയബന്ധിതമായ രോഗനിർണ്ണയവും ചികിത്സയും നിർണ്ണായകമാണ്.
ജില്ലയിൽ ഇതുവരെ ഏഴ് പേർ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചിട്ടുണ്ട്. 2019ൽ ആണ് ആദ്യമായി രോഗം സ്ഥിരീകരിച്ചത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അരിപ്ര സ്വദേശിയായ പത്ത് വയസുകാരിയാണ് മരിച്ചത്. 2020ലും രോഗം ആവർത്തിച്ചു. രണ്ട് കുട്ടികൾ മരണപ്പെട്ടു. 2023ൽ രോഗം സ്ഥിരീകരിച്ചില്ലെന്ന് ആശ്വസിക്കുന്നതിനിടെ കഴിഞ്ഞ വർഷം രണ്ട് കുട്ടികളാണ് മരണപ്പെട്ടത്.രോഗം ബാധിച്ച് മരിച്ചവരെല്ലാം കെട്ടിക്കിടക്കുന്ന വെള്ളവുമായി ഏതെങ്കിലും വിധത്തിൽ സമ്പർക്കം പുലർത്തിയവരാണ്.
തലയോട്ടിയുടെ കട്ടിക്കുറവ് മൂലം കുട്ടികളെയാണ് രോഗം പെട്ടെന്ന് ബാധിക്കുന്നത്. മുതിർന്നവരിൽ രോഗം സ്ഥിരീകരിച്ചിട്ടില്ല. ആഗോള താപനത്തിന്റെ ഫലമായി ജലാശയങ്ങളിൽ മസ്തിഷ്‌ക ജ്വരത്തിന് കാരണമാകുന്ന നെഗ്ലേറിയ ഫൗലേറിയെന്ന അമീബയുടെ സാദ്ധ്യത വർദ്ധിച്ചതായി ആരോഗ്യ വകുപ്പിന്റെ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇളംചൂടുള്ള വെള്ളത്തിലാണ് അമീബകൾ കണ്ടുവരുന്നത്.. 40 ഡിഗ്രി സെൽഷ്യസിൽ വരെ ഇവയ്ക്ക് ജീവിക്കാനാവും. കുളിക്കുമ്പോഴും മറ്റും മൂക്കിലെ നേർത്ത തൊലിയിലൂടെ അമീബ ശരീരത്തിലെത്തി തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്‌ക ജ്വരമുണ്ടാക്കും. കടുത്ത പനിയും തലവേദനയും വയറുവേദനയുമാണ് രോഗലക്ഷണങ്ങൾ.
മൈക്രോസ്‌കോപ്പിക് പരിശോധനയിലൂടെ അമീബയുടെ സാന്നിദ്ധ്യം തിരിച്ചറിയാനാവും. തുടർന്ന് നട്ടെല്ലിലെ സ്രവം കുത്തിയെടുത്താണ് രോഗം സ്ഥിരീകരിക്കേണ്ടത്. രോഗബാധിതർ ആറിനും 15നും ഇടയിൽ പ്രായമുള്ളവരാണ്. 2016ലാണ് കേരളത്തിൽ ആദ്യമായി രോഗം റിപ്പോർട്ട് ചെയ്തത്. ആലപ്പുഴയിൽ കായലിൽ കുളിച്ചതിനെ തുടർന്ന് രോഗബാധയേറ്റ് പ്ലസ്‌വൺ വിദ്യാർത്ഥി മരിച്ചിരുന്നു.
ശ്രദ്ധിക്കണം ഇക്കാര്യം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |