കാളികാവ്: കാളികാവ് അടക്കാക്കുണ്ട് എഴുപതേക്കറിൽ കടുവ പശുവിനെ കടിച്ചു കൊന്ന സംഭവത്തിൽ ജനം പ്രതിഷേധിച്ചു. സ്ഥലത്തെത്തിയ സൗത്ത് ഡി.എഫ്.ഒ ധനിക് ലാലിനെതിരെ ജനം ബഹളം വെച്ചു. തുടർന്നു എത്രയും വേഗം കടുവയെ പിടികൂടുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ഡി.എഫ്.ഒ ഉറപ്പ് നൽകി.പശുവിനെ കൊന്ന സ്ഥലത്ത് ഉടൻ കൂട് സ്ഥാപിക്കുമെന്നും വനാതിർത്തിയിൽ ഇലക്ട്രിക് വേലി സ്ഥാപിക്കുമെന്നും ഡി.എഫ്ഒ പറഞ്ഞു. ഇന്നലെ വൈകുന്നേരം അഞ്ചു മണിക്കാണ് ഡി.എഫ്.ഒ സ്ഥലം സന്ദർശിച്ചത്. കടുവയെ പിടികൂടുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് ഡി.എഫ്.ഒ എത്തിയത്. നേരത്തെതൊഴിലാളിയെ കടുവ കൊന്ന അതേസ്ഥലത്തിന് തൊട്ടടുത്താണ് ഇപ്പോഴും കടുവയുള്ളത്. ഇന്നലെ ഇതേ സ്ഥലത്ത് വീണ്ടും കടുവയെത്തിയിട്ടുണ്ട്. ഇതാണ് നാട്ടുകാരെ കൂടുതൽ ഭീതിയിലാക്കാൻ കാരണം. രണ്ടു ദിവസം മുമ്പുണ്ടായ കടുവ ആക്രമണം കാരണം മേഖലയിലെ തോട്ടങ്ങൾ വീണ്ടും പൂട്ടിയ നിലയിലാണ്. കടുവയെ കണ്ടെത്തുന്നതിനു വേഗത്തിലുള്ള നടപടി വനം വകുപ്പ് സ്വീകരിക്കുന്നില്ല എന്നതാണ് നാട്ടുകാരുടെ പരാതി. വന്യ മൃഗ ശല്യം തടയുന്നതിന് വേണ്ടി കിഴക്കൻ മേഖലയിൽ 24 കിലോമീറ്റർ ഇലക്ട്രിക് വേലി നിർമ്മിക്കുന്നതിനൊപ്പം ബാക്കി വരുന്ന സ്ഥലങ്ങളിലും വേലി നിർമ്മിക്കാൻ നടപടി സ്വീകരിക്കുമെന്നും ഡി.എഫ്.ഒ പറഞ്ഞു. പശു ആക്രമിക്കപ്പെട്ട അന്നു തന്നെ അടക്കാക്കുണ്ട് എഴുപതേക്കറിൽ നാലു കാമറകൾ വനംവകുപ്പ് സ്ഥാപിച്ചിട്ടുണ്ട്. പശുവിനെ കൊന്നത് കടുവയാണെന്ന് സ്ഥിരീകരിച്ചിട്ടും കൂട് സ്ഥാപിക്കാൻ വനം വകുപ്പ് കാല താമസം വരുത്തുന്നത് എന്തിനാണെന്നാണ് നാട്ടുകാരുടെ ചോദ്യം. അടക്കാക്കുണ്ട് മലയപ്പിള്ളിജോസിന്റെ എസ്റ്റേറ്റിലെ തൊഴുത്തിൽ കെട്ടിയിട്ട പശുവിനെയാണ് കഴിഞ്ഞ ദിവസം കടുവ കൊണ്ടു പോയത്.കടുവയെ പിടിക്കുന്നകാര്യത്തിൽ ഇനിയും കാല താമസം വരുത്തിയിയാൽ ശക്തമായ പ്രതിഷേധം നടത്തുമെന്ന് നാട്ടുകാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |