തിരുവനന്തപുരം: ഭിന്നശേഷിക്കാർക്ക് പരസഹായമില്ലാതെ വേദികളിലെത്താൻ പ്ലാറ്റ്ഫോം ലിഫ്ടുമായി തിരുവനന്തപുരം എൻജിനിയറിംഗ് കോളേജ് (സി.ഇ.ടി) വിദ്യാർത്ഥികൾ. ഓട്ടോമൊബൈൽ ക്ലബായ എക്സെലറേറ്റേഴ്സിലെ വിദ്യാർത്ഥികളാണ് കുറഞ്ഞ ചെലവിൽ സത്‌വ എന്ന ലിഫ്റ്റൊരുക്കിയത്. കേരളത്തിലെ ആദ്യ പ്ലാറ്റ്ഫോം ലിഫ്ടായ സത്‌വ കോളേജിലെ ഡയമണ്ട് ജൂബിലി ഹാളിൽ സ്ഥാപിച്ചു.
പൊതുമരാമത്ത്‌വകുപ്പിന്റെ അനുമതിയോടെയാണ് 1.05 മീറ്റർ ഉയരമുള്ള വേദിയിലേക്ക് ലിഫ്‌ടൊരുക്കിയത്. മോട്ടോറിന്റെ സഹായത്തോടെ ലിഫ്ട് വേദിയുടെ നിരപ്പിലേക്കും താഴേക്കുമെത്തും. ഡോറുകളിൽ സെൻസറുണ്ട്. ഡോർ കൃത്യമായി അടച്ചശേഷം സ്വിച്ചമർത്തുമ്പോൾ ലിഫ്ടുയരും. റോപ്പ് പൊട്ടിയാലും താഴേക്കു പതിക്കാതെ സുരക്ഷാക്രമീകരണവുമുണ്ട്.
അഞ്ചുലക്ഷം രൂപ വിലയുള്ള ലിഫ്ട് 1.5 ലക്ഷത്തിനാണ് നിർമ്മിച്ചത്. സാമൂഹ്യനീതിവകുപ്പും ബാരിയർ ഫ്രീ കൺസൾട്ടൻസി സെല്ലും ചേർന്ന് പണം നൽകി. വാണിജ്യാടിസ്ഥാനത്തിൽ നിർമ്മിക്കാനും ആലോചനയുണ്ട്.
ഡോ. പ്രിയാഞ്ജലിയുടെ ആശയം
കോളേജിലെ ആർക്കിടെക്ചർ വിഭാഗം മേധാവി ഡോ. പ്രിയാഞ്ജലിയുടെ ആശയത്തിൽ അഞ്ചുവർഷം മുൻപ് വിദ്യാർത്ഥികൾ ലിഫ്ടിന്റെ പദ്ധതി തുടങ്ങിവച്ചു. പിന്നീട് വിവിധ വിഭാഗങ്ങളിലെ നൂറോളം വിദ്യാർത്ഥികളാണ് പൂർത്തിയാക്കിയത്. അദ്ധ്യാപകരായ എൻ. ശശി, അജിത്ത് ആർ.ആർ, പ്രവീൺ എ, ജിജിത്ത് പി.കെ, സുരേഷ്ലാൽ എസ്.ആർ എന്നിവർ പിന്തുണച്ചു. കഴിഞ്ഞമാസം നടന്ന പൂർവവിദ്യാർത്ഥി സംഗമത്തിൽ (സീറ്റാ-ഡേ) 50 വർഷം മുൻപ് പഠിച്ച ഭിന്നശേഷിക്കാരനായ മധുസൂദനൻ നായരാണ് ആദ്യമായി ലിഫ്ടുപയോഗിച്ചത്. ഒരിക്കലെങ്കിലും കയറാൻ മോഹിച്ച വേദിയിൽ ലിഫ്റ്റിലെത്തിയപ്പോൾ അദ്ദേഹത്തിന്റെ കണ്ണുനിറഞ്ഞു.
200 കിലോഗ്രാം വരെ
പ്രവർത്തനം വൺ എച്ച്.പി മോട്ടോർ വഴി
നീളം 1.3 മീറ്റർ, വീതി 1.1 മീറ്റർ
ഒരേസമയം 200കിലോഗ്രാം വരെ കയറ്റാം.
നിർമ്മാണം മൈൽഡ് സ്റ്റീൽ സ്ക്വയർ ട്യൂബും പി.വി.സി ബോർഡും ഉപയോഗിച്ച്
'എല്ലാ കെട്ടിടങ്ങളിലും റാംപ് നിർമ്മിക്കാനാകില്ല. ചിലപ്പോൾ റാംപിനായി കെട്ടിടങ്ങൾ പൊളിച്ച് നിർമ്മിക്കേണ്ടി വരും. ഈ സാഹചര്യത്തിലാണ് പ്ലാറ്റ്ഫോം ലിഫ്ട് പ്രയോജനപ്പെടുന്നത്"
- മഹേശ്വരി, എക്സെലറേറ്റർ അംഗം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |