തിരുവനന്തപുരം: സാധാരണക്കാരന്റെ കീശ കീറാതെ ഓണം സമൃദ്ധമായി ആഘോഷിക്കാനുള്ള ഫലപ്രദമായ എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സപ്ലൈകോ ഓണം ഫെയർ പുത്തരിക്കണ്ടം ഇ.കെ.നായനാർ പാർക്കിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
57% വരുന്ന മുൻഗണനക്കാർ ഭക്ഷ്യഭദ്രതാ നിയമത്തിന് പുറത്താണ്. അവർക്കായി ഓണത്തിന് 8.30 രൂപയ്ക്ക് അരിവിഹിതം നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടെങ്കിലും ഒരുമണി അരി പോലും അധികമായി നൽകാൻ കഴിയില്ലെന്നായിരുന്നു മറുപടി. വേണമെങ്കിൽ സ്വകാര്യ കമ്പനികൾക്ക് നൽകുന്ന വിലയ്ക്ക് വാങ്ങിക്കോളൂ എന്നായിരുന്നു നിർദ്ദേശം.
ഓണത്തോടനുബന്ധിച്ച് 2.5 ലക്ഷം ക്വിന്റൽ ഭക്ഷ്യധാന്യങ്ങൾ സർക്കാർ സംഭരിച്ചിട്ടുണ്ട്. ബ്രാൻഡഡ് എം.എഫ്.സി.ജി ഉത്പന്നങ്ങളും സപ്ലൈകോ ഒരുക്കിയിട്ടുണ്ട്. 150ലധികം ബ്രാൻഡഡ് ഉത്പന്നങ്ങൾക്ക് ഓഫറുകളും വിലക്കുറവുമുണ്ട്. ചില കമ്പനികൾ തങ്ങളുടെ ഉത്പന്നങ്ങൾ വില കുറച്ച് സപ്ലൈകോ വഴി വിൽക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഓണം ഫെയറിൽ മാത്രമല്ല ആയിരത്തലധികം വരുന്ന വില്പനശാലകളിലും ഈ ഓഫറുകൾ ലഭ്യമാണ്.
രാജ്യത്ത് വിലക്കയറ്റം അതിരൂക്ഷമായിരിക്കുമ്പോൾ ഏറ്റവും കൂടുതൽ വിലക്കയറ്റം ഉണ്ടാകേണ്ടത് ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലാണ്. എന്നാൽ മാതൃകാപരമായ വിപണി ഇടപെടലിലൂടെ വിലക്കയറ്റം പിടിച്ചുനിറുത്താനായി. അതിൽ പ്രധാനം സപ്ലൈകോയുടെ വിപണി ഇടപെടലാണ്.
മന്ത്രി ജി.ആർ.അനിൽ അദ്ധ്യക്ഷനായി. ആന്റണി രാജു എം.എൽ.എ, മേയർ ആര്യ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി.കെ.രാജു, പൊതുവിതരണ വകുപ്പ് സെക്രട്ടറിയും സപ്ലൈകോ ചെയർമാനുമായ എം.ജി രാജമാണിക്യം, പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ കെ.ഹിമ, സി.പി.ഐ ജില്ലാസെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
വെള്ളിച്ചെണ്ണ
വില 339 രൂപ
ആഗസ്റ്റിലെ സബ്സിഡി സാധനങ്ങൾ ഇതുവരെ വാങ്ങാത്തവർക്ക് സെപ്തംബറിലെ കൂടി ചേർത്ത് മേളകളിൽ നിന്നോ സപ്ലൈകോ വിതരണ കേന്ദ്രത്തിൽ നിന്നോ വാങ്ങാമെന്ന് മന്ത്രി ജി.ആർ.അനിൽ. സബ്സിഡി വെള്ളിച്ചെണ്ണയുടെ വില 339 രൂപയായി കുറച്ചു. സബ്സിഡി ഇതര വെളിച്ചെണ്ണ 389 രൂപയ്ക്ക് ലഭിക്കും. കേര വെളിച്ചെണ്ണയുടെ വില 429 രൂപയായി കുറച്ചു. സപ്ലൈകോസഞ്ചരിക്കുന്ന ഓണച്ചന്തകളും തയ്യാറായി. ആദ്യ മൊബൈൽ ചന്ത ഉദ്ഘാടനം ചെയ്ത മേയർ ആര്യാ രാജേന്ദ്രൻ ഒരു ലിറ്റർ കേര വെളിച്ചെണ്ണ വാങ്ങി. കേന്ദ്രം സഹായം നിഷേധിച്ചിട്ടും ഏറ്റവും മെച്ചപ്പെട്ട ഓണവിപണിയാണ് സർക്കാർ തുറന്നതെന്ന് മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |