ബാങ്കോക്ക്: തായ്‌ലൻഡ് പ്രധാനമന്ത്രി പെയ്‌തോങ്‌താൻ ഷിനവത്രയെ പുറത്താക്കി. കംബോഡിയൻ മുൻ ഭരണാധികാരിയുമായുള്ള ഫോൺ സംഭാഷണത്തിലെ പരാമർശങ്ങളുടെ പേരിലാണ് പെയ്‌തോങ്‌താനെ പുറത്താക്കിയത്. ഭരണഘടനാ കോടതിയുടേതാണ് നടപടി. ധാർമിക പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
തായ്‌ലൻഡിൽ ശക്തമായ രാഷ്‌ട്രീയ ചരിത്രമുള്ള ഷിനവത്ര കുടുംബത്തിലെ അംഗമാണ് പെയ്‌തോങ്‌താൻ ഷിനവത്ര. 2024 ഓഗസ്റ്റിലാണ് അവർ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി അധികാരമേറ്റത്. ഒരു വർഷം മാത്രമാണ് ഇവർക്ക് പ്രധാനമന്ത്രി പദവിയിലിരിക്കാൻ സാധിച്ചത്. മൂന്നിനെതിരെ ആറ് വോട്ടുകൾക്കാണ് തായ്‌ലൻഡിലെ ഭരണഘടനാ കോടതി പെയ്‌തോങ്‌താനെ പുറത്താക്കിയത്.
കംബോഡിയയുമായുള്ള അതിര്‍ത്തി സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് മുന്‍ കംബോഡിയന്‍ പ്രധാനമന്ത്രിയുമായുള്ള പെയ്‌തോങ്‌താൻ ഷിനവത്രയുടെ ഫോണ്‍ സംഭാഷണം പുറത്ത് വന്നത്. ജൂണ്‍ 15ന് ഇരുവരും നടത്തിയ ഫോണ്‍ സംഭാഷണം പിന്നീടാണ് പുറത്ത് വരുന്നത്. മുന്‍ കംബോഡിയന്‍ പ്രധാനമന്ത്രി ഹുന്‍ സെന്നിനെ പെയ്‌തോങ്‌താൻ 'അങ്കിള്‍' എന്ന് വിളിക്കുന്നതും, ഒരു കംബോഡിയന്‍ സൈനികന്റെ മരണത്തിനിടയാക്കിയ അതിര്‍ത്തി സംഘര്‍ഷത്തില്‍ സ്വന്തം സൈന്യത്തിന്റെ നടപടികളെ വിമര്‍ശിക്കുന്നതായും ഫോൺ സംഭാഷണത്തിൽ കേൾക്കാമായിരുന്നു.
പുറത്തുവന്ന സംഭാഷണങ്ങൾ തങ്ങളുടേതാണെന്ന് ഇരുനേതാക്കളും സ്ഥിരീകരിക്കുകയും ചെയ്‌തു. പെയ്‌തോങ്‌താനിന്റെ പരാമർശങ്ങൾ തായ്‌ലൻഡിൽ വലിയ പ്രതിഷേധങ്ങൾക്കിടയാക്കി. അതിർത്തി തർക്കത്തെച്ചൊല്ലി ദേശീയ വികാരം ആളിക്കത്തിയിരുന്നു. പെയ്‌തോങ്‌താൻ ദേശീയ താൽപ്പര്യങ്ങൾക്ക് വിട്ടുവീഴ്‌ച ചെയ്‌തുവെന്ന് എതിരാളികൾ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |