മൂവാറ്റുപുഴ: ഇലാഹിയ എൻജിനിയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ ഓണാഘോഷത്തിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി ബസിലും സ്വകാര്യവാഹനങ്ങളിലും നടത്തിയ അതിരുവിട്ട യാത്രയിൽ മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി. മൂവാറ്റുപുഴ ആർ.ടി.ഒ. എം.കെ. ജയേഷ് കുമാറിന്റെ നിർദ്ദേശപ്രകാരം അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ അജയ് മോഹൻദാസ്, പി.കെ. പ്രസാദ് എന്നിവർ കോളേജിലും കെ.എസ്.ആർ.ടി.സി. ഓഫീസിലും അന്വേഷണം നടത്തി.
യാത്രയ്ക്ക് നേതൃത്വം നൽകിയ കെ.എസ്.ആർ.ടി.സി. ഡ്രൈവർ എൽദോസ് വർക്കിയോട് ശനിയാഴ്ച രാവിലെ കാക്കനാട്ടെ മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിൽ ഹാജരാകാൻ നിർദ്ദേശിച്ചു.വിദ്യാർത്ഥികൾ ഉപയോഗിച്ച വാഹനങ്ങളുടെ രേഖകൾ കൈമാറാൻ കോളേജ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ 27നാണ് എൻജിനിയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ വാടകയ്‌ക്കെടുത്ത കെ.എസ്.ആർ.ടി.സി. ബസിൽ അപകടകരമായ രീതിയിൽ യാത്ര നടത്തിയത്. ബസിന്റെ ചവിട്ടുപടിയിലും ജനലുകളിലും ഇരുന്ന് യാത്ര ചെയ്തതിനെ തുടർന്ന് സമൂഹമാദ്ധ്യമങ്ങളിൽ വലിയ വിമർശനം ഉയർന്നിരുന്നു. അപകടകരമായ ഇത്തരം പ്രവണതകൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |