മലപ്പുറം: ഓണക്കാലമായിട്ടും വിളനാശത്തിനുള്ള നഷ്ടപരിഹാരവും ഇൻഷ്വറൻസ് പരിരക്ഷയും ലഭിക്കാതെ ജില്ലയിലെ കർഷകർ. 2024 വരെയുള്ള തുക മാത്രമാണ് കാലാവസ്ഥാധിഷ്ഠിത ഇൻഷ്വറൻസ് പരിരക്ഷ വഴി കർഷകർക്ക് ലഭിച്ചത്. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വിള ഇൻഷ്വറൻസ് പദ്ധതിയിലൂടെ കർഷകർക്ക് ലഭിക്കേണ്ട സഹായവും ഒരു വർഷമായി നിലച്ചിരിക്കുകയാണ്. ഓണത്തിനെങ്കിലും കുടിശ്ശികയടക്കമുള്ള തുക അനുവദിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കർഷകർ. ആറ് മാസത്തിനിടെ മാത്രം പ്രകൃതിക്ഷോഭങ്ങളിലായി ജില്ലയിൽ 22 കോടിയോളം രൂപയുടെ കൃഷിയാണ് നശിച്ചത്. 13,000ത്തോളം കർഷകർ സർക്കാർ സഹായം പ്രതീക്ഷിച്ച് കഴിയുന്നുണ്ട്. കർഷകർ നൽകുന്ന പ്രാഥമിക വിവര റിപ്പോർട്ടിൽ കൃഷി ഓഫീസർമാരുടെ ഫീൽഡ് തല പരിശോധന ഇനിയും പൂർത്തിയാവാനുണ്ട്.
കാലാവസ്ഥാ വ്യതിയാനം മുന്നിൽ കണ്ട് കാർഷിക വിളകൾക്ക് ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കാൻ കൃഷിവകുപ്പ് അധികൃതർ നിരന്തരം കർഷകരോട് ആവശ്യപ്പെടുന്നുണ്ട്. സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന കർഷകരടക്കം പ്രീമിയം അടച്ച് കാർഷിക പരിരക്ഷ ഉറപ്പാക്കുന്നുണ്ട്. അതേസമയം വിളകൾക്ക് അനുസൃതമായി പ്രീമിയം അടച്ച് ഇൻഷ്വറൻസ് പദ്ധതിയിൽ ചേർന്ന മിക്കവർക്കും സമയബന്ധിതമായി നഷ്ടപരിഹാരം ലഭിക്കുന്നില്ല. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നടക്കം വായ്പയെടുത്താണ് പലരും കൃഷിയിറക്കുന്നത്. പ്രകൃതിക്ഷോഭങ്ങളിൽ കൃഷി നശിച്ചാൽ കർഷർക്ക് പിടിവള്ളിയാവേണ്ടതാണ് ഇൻഷ്വറൻസ് പരിരക്ഷ. എന്നാൽ, അതും കൃത്യമായി ലഭിക്കാതായതോടെ കട ബാദ്ധ്യതയിൽപ്പെട്ട് ദുരിതമനുഭവിക്കുകയാണ് പലരും.
താങ്ങാണ് ഇൻഷ്വറൻസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |