കോഴിക്കോട്: ഓണം വൈബിലലിഞ്ഞ് നാടും നഗരവും. ഇന്ന് തിരുവോണം. പൂക്കളവും സദ്യയും ഒരുക്കണം, ഊഞ്ഞാലാടണം, വിരുന്നുപോകണം പിന്നെ ഒന്നിച്ചുള്ള ഫോട്ടോയും റീൽസും അത് മസ്റ്റാണ്. ഓണം കെങ്കേമമാക്കാൻ തീരുമാനിച്ചതോടെ ഉത്രാടപ്പാച്ചിലിൽ ഗ്രാമ-നഗര വീഥികൾ ജനസമുദ്രമായി. ഒന്നും വിട്ടുപോകാതെ സദ്യയ്ക്കുള്ള പച്ചക്കറിയും പലചരക്കുമെല്ലാം എത്തിക്കാൻ നീണ്ട ലിസ്റ്റുമായാണ് പലരും എത്തിയത്. പച്ചക്കറി, പഴം, പൂ, പാൽ, വസ്ത്രവ്യാപാരം എന്നീ വിപണികളിലായിരുന്നു കൂടുതൽ തിരക്ക്. നഗരത്തിൽ മിഠായിത്തെരുവും മാനാഞ്ചിറയും വലിയങ്ങാടിയും പാളയവും മാളുകളും ബീച്ചുമെല്ലാം തിരക്കിലിലഞ്ഞു. അതി രാവിലെ ആരംഭിച്ച തിരക്ക് രാത്രിയും തുടർന്നു. വില കുറയുമെന്ന പ്രതീക്ഷയിൽ പൂ വിൽപ്പന കേന്ദ്രങ്ങളിലേക്ക് രാത്രിയിലാണ് ആളുകൾ കൂട്ടമായി എത്തിയത്. ഹോട്ടൽ വിപണിയിൽ ഉറക്കമില്ലാത്ത രാത്രിയായിരുന്നു. ബുക്കിംഗ് അനുസരിച്ചുള്ള സദ്യ, പായസം എന്നിവ ഇന്ന് രാവിലെ മുതൽ വിതരണം ചെയ്യേണ്ടതിനാൽ ഇന്നലെ രാവിലെ മുതൽ ഒരുക്കങ്ങൾ തകൃതിയായിരുന്നു. പല കടകളും ഇന്നലെ രാത്രി കൂടുതൽ സമയം പ്രവർത്തിച്ചു. വഴിയോര കച്ചവടങ്ങളും ഉഷാറായി. ജില്ലയുടെ വിവിധയിടങ്ങളിൽ ഇടയ്ക്കിടെ മഴ പെയ്തെങ്കിലും അതൊന്നും തിരക്ക് കുറച്ചില്ല. തിരക്കിന്റെ ഓരംപറ്റി തിരുവോണവരവറിയിച്ച് ഓലക്കുടചൂടി മണി കിലുക്കി ഓണപ്പൊട്ടനും അനുഗ്രഹവുമായെത്തി.
നഗരം ആഘോഷത്തിമർപ്പിൽ
സർക്കാരിന്റെ മാവേലിക്കസ് ഓണാഘോഷ പരിപാടിയുടെ നാലാം നാളും ആഘോഷത്തിലലിഞ്ഞു.
കോഴിക്കോട് ബീച്ചിലും ബേപ്പൂരിലും ലുലു മാളിലുമെല്ലാം ജനങ്ങൾ പരിപാടികൾ ആസ്വദിക്കാൻ ഒഴുകിയെത്തി. മാനഞ്ചിറയിലെ ദീപാലങ്കാരവും ആഘോഷന്റെ മാറ്റു കൂട്ടി.
മിഠായിത്തെരുവിൽ ഓണം മേളം
അങ്ങനങ്ങ് പോകല്ലേ............വമ്പൻ ഓണം ഓഫറാ......വേഗം കേറീട്ട് എടുത്തോളീ......നഗരത്തിന്റെ പ്രധാന വസ്ത്രവ്യാപാര കേന്ദ്രമായ മിഠായിത്തെരുവിൽ ഒന്നെത്തി നോക്കാതെ എങ്ങനെയാണ് ഷോപ്പിംഗ് അവസാനിപ്പിക്കുക. തിക്കി തിരക്കി മിഠായിത്തെരിവിന്റെ ഓണം വെെബിലലിഞ്ഞത് ആയിരങ്ങളാണ്. റോഡിൽ പോലും നിന്നുതിരിയാൻ ഇടമില്ലാത്ത സ്ഥിതിയായിരുന്നു. വസ്‌ത്രങ്ങൾക്ക് പുറമെ ഗൃഹോപകരണങ്ങൾ തുടങ്ങി നിരവധി ഓണം ഓഫറുകളുണ്ടായതും വിപണിയെ ഉഷാറാക്കിയത്.
പാളയത്തെ പൂവിളി
നഗരത്തിൽ പലഭാഗങ്ങളിലും പൂസ്റ്രാളുകൾ ഒരുക്കിയിട്ടുണ്ടെങ്കിലും പലരും പാഞ്ഞെത്തിയത് തളി - പാളയം ഭാഗത്താണ്. ഇന്നലെ ഇവിടെ വിലപേശി പൂക്കൾ വാങ്ങുന്നവരുടെ തിരക്കായിരുന്നു. രാവിലെ പൂക്കൾ അൽപ്പം വിലക്കൂടുതലിൽ വിറ്റെങ്കിലും വെെകീട്ടോടെ വാരിക്കോരി കൊടുത്തു. സ്ഥാപനങ്ങളും സംഘടനകളുമെല്ലാം ഇന്നലെ ഓണാഘോഷം സംഘടിപ്പിച്ചതിനാൽ വലിയ അളവിൽ പൂ വിറ്റുപോയി.
അമ്പമ്പോ എന്തൊരു തിരക്ക്
വാഹനങ്ങളുമായി ജനങ്ങളൊഴുകിയതോടെ ഗതാഗരക്കുരുക്കാൽ നഗരം അക്ഷരാർത്ഥത്തിൽ വീർപ്പുമുട്ടി. അരയിടത്ത് പാലം, കാരപ്പറമ്പ്, വേങ്ങേരി, എരഞ്ഞിപ്പാലം ബെെപ്പാസ്, മാങ്കാവ്, നടക്കാവ്, പുതിയ സ്റ്റാൻഡ്, തൊണ്ടയാട് തുടങ്ങി നഗരത്തിന്റെ ഹൃദയഭാഗങ്ങളിലെല്ലാം മണിക്കൂറുകളാണ് വാഹനങ്ങൾ കുരുങ്ങിയത്. പലയിടത്തും റോഡിലെ തിരക്ക് നിയന്ത്രിക്കാൻ പൊലീസ് പാടുപെട്ടു.
മുണ്ടക്കൈ ചൂരൽമല നിവാസികൾക്ക് ഇത്തവണയും ഓണം പല ദിക്കിൽ
ചൂരൽമല(വയനാട്): ഉരുൾ ദുരന്തം നാടിനെ തുടച്ചുനീക്കിയശേഷമുള്ള രണ്ടാമത്തെ ഓണമാണിത്. ഇത്തവണയും വാടകയ്ക്ക് താമസിക്കുന്ന സ്ഥലങ്ങളിലാണ് ചൂരൽമല, മുണ്ടക്കൈ നിവാസികളുടെ ഓണം. കഴിഞ്ഞവർഷം ഓണാഘോഷം പൂർണമായും ഒഴിവാക്കിയിരുന്നു. ഇത്തവണ ചെറു സംഘങ്ങളായി ചെറിയതോതിൽ ഓണാഘോഷം സംഘടിപ്പിച്ചിട്ടുണ്ട്. ചൂരൽമല ശിവക്ഷേത്രത്തിലെ ഉത്സവത്തിനും ഓണത്തിനുമാണ് നാട്ടുകാർ ഒത്തുചേരുക.
അവിട്ട ദിനത്തിലാണ് ചൂരൽമലയുടെ പഴയകാല ഓണാഘോഷം. ഇവിടുത്തെ ഉപാസന ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വടംവലിയും മറ്റ് കലാസാംസ്കാരിക പരിപാടികളുമുണ്ടാവും. ഓണക്കാലം ഓർക്കുമ്പോൾ വിങ്ങലാണെന്ന് ചൂരൽമല സ്വദേശിനി സബിത പറയുന്നു. ഇത്തവണ പഴയ ഓണക്കാലത്തെ ഓർമ്മയിലാണ് പ്രദേശവാസികൾ ഏവരും.
ഉന്നതികളിൽ വിടരട്ടെ സ്നേഹം
വെളളമുണ്ട(വയനാട്): നാടും നഗരവും ഓണാഘോഷ ലഹരിയിലാവുമ്പോൾ വയനാട്ടിലെ ആദിവാസി ഉന്നതികളിലും ആഘോഷത്തിന് ഒട്ടും കുറവില്ല. ചെറുതെങ്കിലും മനോഹരമായ പൂക്കളമിട്ട് ഓണാഘോഷത്തിൽ പങ്കുചേരുകയാണ് അവരും.
വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ ആലഞ്ചേരി ഉന്നതിയിലെ മധു മഞ്ജു ദമ്പതികളുടെ മക്കളായ മഞ്ജിമ, മായ, മന്യ, അപ്പു ഷീബ ദമ്പതികളുടെ മകളായ ശ്രീജിത എന്നിവർക്കൊപ്പം അയൽവീട്ടിലെ നൈക ഷൈജിത്തും ചേർന്നാണ് മധുവിന്റെ വീട്ടിൽ പൂക്കളമൊരുക്കിയത്. മോഡലും സിനിമാതാരവുമാണ് നൈക ഷൈജിത്. വെള്ളമുണ്ട എ.യു.പി സ്കൂളിലെ മുന്നാം ക്ലാസ് വിദ്യാർഥിനിയായ നൈകയുടെ കൂടെ ഇതേ സ്കൂളിൽ വിവിധ ക്ലാസുകളിലാണ് മറ്റു കുട്ടികളും പഠിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |