ആലപ്പുഴ: ഓണക്കാലത്ത് ജില്ലയിലെ 36,931 കുടുംബങ്ങളിലേക്ക് സർക്കാരിന്റെ സൗജന്യ ഓണക്കിറ്റുകളെത്തി. എ.എ.വൈ കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമുള്ള സൗജന്യ ഓണക്കിറ്റുകളുടെ വിതരണം 95 ശതമാനം പൂർത്തിയായി. ജില്ലയിൽ 38,841 എ.എ.വൈ കാർഡുകളാണുള്ളത്. ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കായി 426 കിറ്റുകളുമാണ് വിതരണംചെയ്യുന്നത്. ഇന്നലെ വൈകിട്ട് വരെ 36,569 കിറ്റുകളും, ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കായി 335 കിറ്റുകളും വിതരണംചെയ്തുകഴിഞ്ഞു.
ക്ഷേമസ്ഥാപനത്തിലെ നാല് അന്തേവാസികൾക്ക് ഒരു കിറ്റ് എന്ന നിലയിലാണ് നൽകുന്നത്. ഇൗ കിറ്റുകൾ ഉദ്യോഗസ്ഥർ നേരിട്ടെത്തി കൈമാറും. കിറ്റുകളുടെ വിതരണം ഈ മാസം തുടരും. സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം ആഗസ്റ്റ് 26 മുതലാണ് ആരംഭിച്ചത്. 15സാധനങ്ങളടങ്ങിയ കിറ്റുകൾ മഞ്ഞക്കാർഡുകാർക്ക് റേഷൻകട വഴിയാണ് വിതരണംചെയ്യുന്നത്. സെപ്തംബർ നാലുവരെയാണ് കിറ്റ് നൽകാൻ നിശ്ചയിച്ചിരുന്നത്. എന്നാൽ തീയതി നീട്ടി നൽകിയിട്ടുണ്ട്. അര ലിറ്റർ വെളിച്ചെണ്ണയും അര കിലോ പഞ്ചസാരയും ചെറുപയർ പരിപ്പ്, സേമിയ പായസം മിക്‌സ്, മിൽമ നെയ്യ്, കശുഅണ്ടിപ്പരിപ്പ്, സാമ്പാർപൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, തേയില, ചെറുപയർ, തുവരപ്പരിപ്പ്, പൊടിയുപ്പ്, തുണിസഞ്ചി എന്നിവയാണ് കിറ്റിലുള്ളത്. ഇതിനു പുറമേ നീല കാർഡുകാർക്ക് 10 കിലോയും വെള്ളക്കാർഡുകാർക്ക് 15 കിലോയും വീതം അരി 10.90 രൂപ നിരക്കിൽ ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |