തിരുവനന്തപുരം: സർവകലാശാലകളുമായി ബന്ധപ്പെട്ട് ചാൻസലറായ ഗവർണർ കക്ഷിയായ കേസുകളുടെ നടത്തിപ്പിനുള്ള ചെലവ് യൂണിവേഴ്സിറ്റികൾ വഹിക്കണമെന്ന് രാജ്ഭവൻ നിർദ്ദേശിച്ചു. മുൻകാലങ്ങളിൽ അഡ്വക്കേറ്റ് ജനറലോ സർക്കാർ അഭിഭാഷകരോ ആയിരുന്നു ഗവർണർക്കായി ഹാജരായിരുന്നത്. ഇപ്പോൾ സർക്കാരാണ് ചാൻസലർക്കെതിരേ കേസു കൊടുക്കുന്നത്. അതിനാൽ അറ്റോർണി ജനറലാണ് സുപ്രീംകോടതിയിൽ ചാൻസലർക്കായി ഹാജരാവുന്നത്. മറ്റ് കോടതികളിൽ സർക്കാർ അഭിഭാഷകരെ ഒഴിവാക്കി സ്വന്തം നിലയിൽ അഭിഭാഷകരെ നിയോഗിക്കുന്നു.
സാങ്കേതിക, ഡിജിറ്റൽ സർവകലാശാല വി.സി നിയമനം സംബന്ധിച്ച കേസുകളിൽ 11ലക്ഷം രൂപയാണ് അഭിഭാഷകരുടെ ബിൽ. കേസുനടത്തിപ്പിന് രാജ്ഭവന് പ്രത്യേക ഫണ്ട് വകയിരുത്തിയിട്ടില്ല. മാത്രമല്ല ചാൻസലർ സർവകലാശാലകളുടെ ഭാഗവുമാണ്. അതിനാലാണ് ചെലവുകൾ യൂണിവേഴ്സിറ്റികൾ വഹിക്കണമെന്ന നിർദ്ദേശം. വി.സി നിയമനത്തിന് സുപ്രീംകോടതി നിയോഗിച്ച സെർച്ച് കമ്മിറ്റിയുടെ ചെയർമാനായ റിട്ട. ജഡ്ജിക്ക് സിറ്റിംഗിന് മൂന്നു ലക്ഷം രൂപയും യാത്രാച്ചെലവുകളും നൽകണമെന്നാണ് കോടതി ഉത്തരവ്. സമിതിയംഗങ്ങളുടെ ചെലവുകളും വഹിക്കണം. ഇതും സർവകലാശാലകൾ വഹിക്കേണ്ടിവരും. ഗവർണർ സ്വന്തം നിലയിൽ നടത്തിയ ഡിജിറ്റൽ, സാങ്കേതിക വി.സി നിയമനങ്ങൾ ചോദ്യം ചെയ്ത് സർക്കാർ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും കേസു കൊടുത്തിരുന്നു. എതിർ കക്ഷിയായ ചാൻസലർക്ക് പ്രത്യേക അഭിഭാഷകനെ നിയോഗിക്കേണ്ടി വന്നു. അഭിഭാഷകന്റെ ഫീസും കോടതിച്ചെലവുകളുമടക്കം യൂണിവേഴ്സിറ്റികൾ വഹിക്കണമെന്നാണ് ഗവർണറുടെ സെക്രട്ടറി സർവകലാശാലകൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |