തിരുവനന്തപുരം: ജനവാസ മേഖലയിലിറങ്ങി മനുഷ്യരെ ആക്രമിക്കുന്ന വന്യമൃഗങ്ങളെ കൊല്ലാൻ അധികാരം നൽകുന്ന വന്യജീവി സംരക്ഷണ ഭേദഗതി ബിൽ തിരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് പ്രതിപക്ഷം. കേരളത്തിലെ മഹാഭൂരിപക്ഷം ജനങ്ങളെയും ബാധിക്കുന്ന വിഷയമാണെന്നും ബില്ലിന് അംഗീകാരം ലഭ്യമാക്കാൻ കൂടെ നിൽക്കണമെന്നും മന്ത്രി എ.കെ.ശശീന്ദ്രൻ.
ഇന്നലെ നിയമസഭയിൽ അവതരിപ്പിച്ച വന്യജീവി സംരക്ഷണ ഭേദഗതി ബില്ലിന്റേയും സ്വകാര്യ ഭൂമിയിലെ ചന്ദനമരം വനംവകുപ്പ് മുഖേന മുറിച്ച് വിൽക്കാനുള്ള കേരള വന (ഭേദഗതി) ബില്ലിന്റെയും ചർച്ചയിലായിരുന്നു വാദപ്രതിവാദം. ബില്ലുകൾ നിയമസഭ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു. 1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലാണ് കേരളം ഭേദഗതി ബിൽ കൊണ്ടുവന്നത്.
ശക്തമായ ജനവികാരം ഇക്കാര്യത്തിൽ ഉയർന്നിട്ടും സർക്കാർ ഒന്നും ചെയ്തില്ലെന്നും വിഷയം മുമ്പ് പലഘട്ടങ്ങളിലും അടിയന്തരപ്രമേയമായി വന്നിട്ടും അത് ചർച്ചചെയ്യാൻ തയ്യാറായില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. ബില്ലിലെ വ്യവസ്ഥകൾ കേന്ദ്ര നിയമത്തിന് വിരുദ്ധമായതിനാൽ ഗവർണറും രാഷ്ട്രപതിയും അംഗീകാരം നൽകാൻ തയ്യാറാകില്ല. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ജനവികാരം മറികടക്കാനുള്ള പ്രഹസന ബില്ലാണോ ഇതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചോദിച്ചു.
സംസ്ഥാനത്തിന്റെ മാത്രമുള്ള പ്രശ്നത്തിന് പരിഹാരമെന്ന നിലയിലാണ് ബില്ല് കൊണ്ടുവന്നതെന്നും അംഗീകാരം ലഭ്യമാക്കാൻ കൂട്ടായശ്രമം നടത്തണമെന്നും മന്ത്രിമാരായ പി.രാജീവും ശശീന്ദ്രനും പറഞ്ഞു.
അടിയന്തര നടപടിക്കുള്ള
വ്യവസ്ഥകൾ: മന്ത്രി
കേന്ദ്ര നിയമത്തിൽ നിന്നുകൊണ്ടുള്ള ഭേദഗതിയാണ് കൊണ്ടുവന്നത്. കേന്ദ്ര നിയമത്തിലെയും കേന്ദ്രത്തിന്റെ സ്റ്റാന്റേർഡ് ഓപ്പറേറ്റിംഗ് പ്രൊസിജിയറിലെയും അപ്രായോഗികവും കാലതാമസം വരുത്തുന്നതുമായ നടപടിക്രമങ്ങൾ ഒഴിവാക്കി അടിയന്തരനടപടി സ്വീകരിക്കാൻ സാദ്ധ്യമാക്കുന്നതാണ് ബില്ലിലെ വ്യവസ്ഥകളെന്ന് മന്ത്രി ശശീന്ദ്രൻ
കുറ്റകൃത്യങ്ങൾക്കെതിരെ നടപടിയെടുക്കാനുള്ള അധികാരം ഫോറസ്റ്റ് വാച്ചർമാർക്കുകൂടി നൽകിക്കൊണ്ടുള്ള ഭേദഗതി നിയമത്തിലെ വ്യവസ്ഥ ആശങ്കയുണ്ടാക്കുമെന്ന ഭരണ, പ്രതിപക്ഷാംഗങ്ങളുടെ അഭിപ്രായം പരിശോധിക്കാമെന്നും മന്ത്റി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |