കൊച്ചി: ഈഴവ സമുദായാംഗമായ കെ.എസ്. അനുരാഗിനെ കൂടൽമാണിക്യം ക്ഷേത്ര കഴകക്കാരനായി നിയമിച്ചതിൽ തന്ത്രിമാരുടെ കലി അടങ്ങുന്നില്ല. ഇവരുടെ ക്ഷേത്രബഹിഷ്കരണ സമരം മൂലം ഇന്നലെ കളഭം ചടങ്ങ് മുടങ്ങി.
18,000 രൂപ ചെലവുള്ള ഈ വഴിപാട് ആഴ്ചകൾക്ക് മുമ്പ് ബുക്ക് ചെയ്തിരുന്നത് തൃശൂർ സ്വദേശിയായ ഡോക്ടറാണ്. വഴിപാട് മറ്റൊരു ദിവസത്തേക്ക് മാറ്റി. 21നും കളഭം വഴിപാട് ബുക്കിംഗുണ്ട്. അന്നും ബഹിഷ്കരണം തുടരാനാണ് സാദ്ധ്യത.
ആറ് തന്ത്രിമാരാണ് ക്ഷേത്രത്തിലുള്ളത്. ഇതിൽ പടിഞ്ഞാറേ തരണനല്ലൂർ തന്ത്രികുടുംബം, പരമ്പരാഗതമായി നിശ്ചയിച്ച ചടങ്ങുകൾക്ക് മാത്രമേ പങ്കെടുക്കാറുള്ളൂ. മറ്റ് അഞ്ച് തന്ത്രിമാരുടെയും ബഹിഷ്കരണത്തെ തുടർന്ന്, കന്നി തീയതിയിലെ പൂജാ കർമ്മങ്ങൾക്ക് പടിഞ്ഞാറേ തരണനല്ലൂർ അനിപ്രകാശിനെ ദേവസ്വം വിളിച്ചുവരുത്തിയിരുന്നു. മുൻനിശ്ചയിച്ച ചടങ്ങുണ്ടായതിനാൽ അദ്ദേഹത്തിന് ഇന്നലെ വരാനായില്ല. തന്ത്രിമാരുടെ സൗകര്യം നോക്കി തീയതി നിശ്ചയിച്ചാണ് കളഭം, കലശം വഴിപാടുകൾ രസീതാക്കുക.
പുരോഗമന ചിന്തയുമായി
തരണനല്ലൂർ കുടുംബം
അഞ്ചു തന്ത്രികുടുംബങ്ങളാണ് അനുരാഗിനെ എതിർക്കുന്നത്. ഇവരുടെ കടുംപിടിത്തത്തിൽ വിയോജിപ്പുള്ളവരാണ് പടിഞ്ഞാറേ തരണനല്ലൂർ കുടുംബം. അനുരാഗിന്റെ നിയമനം ക്ഷേത്രചൈതന്യത്തെ ബാധിക്കുമെന്നും പ്രശ്നപരിഹാരത്തിന് ചർച്ചവേണമെന്നും ആവശ്യപ്പെട്ട് ദേവസ്വത്തിന് തന്ത്രിമാർ നൽകിയ കത്തിൽ ഈ കുടുംബത്തിലെ പത്മനാഭൻ നമ്പൂതിരിപ്പാട് ഒപ്പുവച്ചിട്ടില്ല. ദേവസ്വം ഭരണസമിതിയംഗം കൂടിയായ നെടുമ്പിള്ളി മനയിലെ ഗോവിന്ദൻ നമ്പൂതിരിക്ക് പകരം ഒപ്പിട്ടത് തന്ത്രിപ്പട്ടികയിൽ ഇല്ലാത്ത സതീശൻ നമ്പൂതിരിയാണ്. ജാതിചിന്തകളിൽ വിശ്വസിക്കുന്നില്ലെന്ന് തരണനല്ലൂർ അനിപ്രകാശ് നേരത്തേ വ്യക്തമാക്കിയിരുന്നു.
തന്ത്രിമാർ ക്ഷേത്രബഹിഷ്കരണം തുടർന്നാൽ ബദൽ സംവിധാനം ആലോചിക്കേണ്ടിവരും.
അഡ്വ.സി.കെ. ഗോപി,
ചെയർമാൻ, കൂടൽമാണിക്യം ദേവസ്വം
ക്ഷേത്രചടങ്ങുകളുടെ ഉത്തരവാദിത്വത്തിൽ നിന്ന് ഒരിക്കലും ഒഴിഞ്ഞുമാറിയിട്ടില്ല. ഇനിയും ഉണ്ടാകില്ല
- പടിഞ്ഞാറേ തരണനല്ലൂർ അനിപ്രകാശ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |