തൃശൂർ: എട്ടു വർഷംമുമ്പ് നിരപരാധിയെ മർദ്ദിക്കുകയും കള്ളക്കേസിൽ കുടുക്കുകയും
ചെയ്ത സംഭവം പുറത്തുവന്നതിനു പിന്നാലെ, ക്രമസമാധാനച്ചുമതലയുള്ള തൃശൂരിലെ എ.സി.പി സലീഷ് എൻ.ശങ്കരനെ പാലക്കാട് നർക്കോട്ടിക്‌സിലേക്ക് സ്ഥലം മാറ്റി. പൊലീസ് ഹെഡ് ക്വാർട്ടേഴ്സിൽപോലും അറിയിക്കാതെ ആഭ്യന്തര വകുപ്പ് നേരിട്ടാണ് നടപടി സ്വീകരിച്ചതെന്ന് സൂചന. ഉത്തരവിൽ കാരണം വ്യക്തമാക്കിയിട്ടില്ല.
പാലക്കാട് കൊല്ലങ്കോട് സി.ഐ ആയിരിക്കെ സലീഷ് എൻ.ശങ്കരനും പൊലീസുകാരും ചേർന്ന് മർദ്ദിച്ചെന്നും കള്ളക്കേസിൽ കുടുക്കി 15 ദിവസം ജയിലിൽ അടച്ചെന്നും ആരോപിച്ച് കൊല്ലങ്കോട് സ്വദേശിയായ വിജയകുമാർ രംഗത്തെത്തിയിരുന്നു. 2017 മേയ് 25നായിരുന്നു സംഭവം.
നികുതി വെട്ടിച്ച് കോഴി കടത്തുന്ന സംഘാംഗമാണെന്ന് തെറ്റിദ്ധരിച്ച് കൊല്ലങ്കോട് ടൗണിൽ നിൽക്കുകയായിരുന്ന വിജയകുമാറിനോട് മഫ്തിയിലുള്ള പൊലീസ് ഫോൺ ആവശ്യപ്പെട്ടു. നൽകാതെ വന്നതോടെ പിടിവലിയായി. സി.ഐയും രണ്ട് പൊലീസുകാരും ചേർന്ന് പിടിച്ചുകൊണ്ടുപോയി സ്റ്റേഷനിലിട്ട് മർദ്ദിച്ചു. പൊലീസിനെ ആക്രമിച്ചെന്ന വകുപ്പിട്ട് ജയിലിലാക്കി. 15 ദിവസം റിമാൻഡിൽ കഴിഞ്ഞ വിജയകുമാറിനെ രണ്ടുവർഷം മുൻപാണ് തെളിവില്ലെന്ന് കണ്ട് ചിറ്റൂർ കോടതി വെറുതെവിട്ടത്. കുന്നംകുളം, പീച്ചി പൊലീസ് സ്റ്റേഷനുകളിലെ കസ്റ്റഡി മർദ്ദനങ്ങളുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ കൊല്ലങ്കോട് സ്റ്റേഷനിലെ മർദ്ദനവും പൊലീസുകാർക്കെതിരെ നടപടിയെടുക്കാത്തതും വാർത്തയായിരുന്നു.മർദ്ദനം നടത്തിയ പാലക്കാട് ജില്ലയിലേക്ക് തന്നെയാണ് സലീഷ് എൻ. ശങ്കരനെ മാറ്റിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |