കൊച്ചി: സ്കൂളുകളിലെ പാമ്പുശല്യത്തിൽ നിന്നുൾപ്പെടെ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ബന്ധപ്പെട്ട വകുപ്പുതല ഉദ്യോഗസ്ഥരുടെ സ്ഥിരം സമിതി ആവശ്യമാണെന്ന് ഹൈക്കോടതി നിരീക്ഷണം. സർക്കാർ കഴിഞ്ഞദിവസം കോടതിയിൽ സമർപ്പിച്ച കരട് സുരക്ഷാ മാർഗനിർദ്ദേശങ്ങൾ പ്രസിദ്ധീകരിക്കാവുന്നതാണെന്നും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് അഭിപ്രായപ്പെട്ടു. മാർഗനിർദ്ദേശങ്ങൾ സംബന്ധിച്ച് 25ന് ഉത്തരവുണ്ടാകും.
ബത്തേരിയിലെ സ്കൂളിൽ വിദ്യാർത്ഥി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ സ്വമേധയാ എടുത്ത കേസും അഡ്വ. കുളത്തൂർ ജയ്‌സിംഗ് നൽകിയ ഹർജിയുമാണ് പരിഗണനയിലുള്ളത്. കോടതി നിർദ്ദേശപ്രകാരം യോഗം വിളിച്ചാണ് ചീഫ് സെക്രട്ടറി കരട് നിർദ്ദേശങ്ങൾ സമർപ്പിച്ചത്. ഇത് ഒരുതവണ മാത്രം ചെയ്യേണ്ട കാര്യമല്ലെന്ന് കോടതി പറഞ്ഞു. സമിതി തുടരുകയും വർഷത്തിൽ ഒന്നോ രണ്ടോ തവണ ചേരുകയും വേണം. മാർഗനിർദ്ദേശങ്ങളിൽ യഥാസമയം ആവശ്യമായ ഭേദഗതികൾ വരുത്താം.
സ്കൂളുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള മാർഗരേഖയടക്കം ഉൾപ്പെടുത്തി വിജ്ഞാപനം ചെയ്യുന്നതാകും ഉചിതമെന്ന് അഭിഭാഷകർ അറിയിച്ചു. നഷ്ടപരിഹാരത്തിന് വ്യവസ്ഥയില്ലെന്ന്, പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ രക്ഷിതാവ് ചൂണ്ടിക്കാട്ടി. കുട്ടികൾക്ക് ഇൻഷ്വറൻസ് വേണമെന്ന ആവശ്യവും ഉയർന്നു. ഇക്കാര്യങ്ങളും ഉന്നതതല സമിതിയിൽ ഉന്നയിക്കാമെന്ന് കോടതി പറഞ്ഞു.
പാമ്പുകൾ വരാനുള്ള സാഹചര്യം സ്‌കൂൾ ചുറ്റുപാടുകളിൽ ഇല്ലെന്ന് ഉറപ്പാക്കണമെന്നും കുട്ടികളുടെ ബാഗും ഷൂസും പാമ്പുകൾ കയറുംവിധം ക്ലാസിന് പുറത്തു സൂക്ഷിക്കരുതെന്നും കരട് മാർഗരേഖയിലുണ്ട്. ആന്റിവെനവും പീഡിയാട്രിക് ചികിത്സയുമുള്ള ആശുപത്രികളുടെ പട്ടിക സ്‌കൂളുകളിൽ സൂക്ഷിക്കണമെന്നും തീരുമാനമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |