കോഴിക്കോട്: നവരാത്രി ആഘോഷങ്ങൾക്കു നിറംപകർന്ന് തിന്മയുടെ മേൽ നന്മയുടെ വിജയത്തിൻെറ ഓർമ്മപ്പെടുത്തലുമായി തളി ബ്രാഹ്മണ സമൂഹ മഠത്തിൽ ബൊമ്മക്കൊലുകൾ ഒരുങ്ങി. ഇനിയുള്ള ദിവസങ്ങൾ പൂജയുടെയും പ്രാർത്ഥനകളുടെയും നാളുകൾ. തമിഴ് ബ്രാഹ്മണ സമൂഹമാണു പ്രധാനമായും ബൊമ്മക്കൊലു ഒരുക്കി നവരാത്രി ആഘോഷിക്കുന്നത്. ദേവീ ദേവന്മാരുടെ പലതരത്തിലുള്ള ബിംബങ്ങൾ തട്ടുകളിലായി അടുക്കി വെച്ച് നടത്തുന്ന പൂജയാണു ബൊമ്മക്കൊലു. ധർമ്മശാസ്ത്ര വിധിപ്രകാരം മുപ്പത്തിമുക്കോടി ദേവീദേവൻമാർ വസിക്കുന്ന ഭൂമിയിൽ എല്ലാ ദേവീദേവൻമാരെയും പ്രീതിപ്പെടുത്താൻ വേണ്ടിയാണ് ദേവതകളുടെ രൂപസാദൃശ്യമുള്ള ബൊമ്മകൾ 11 പടികളിൽ അലങ്കരിച്ചു വെക്കുന്നത്. തളി ബ്രാഹ്മണ സമൂഹ മഠത്തിലെ നവരാത്രി മണ്ഡപത്തിലാണ് (കല്യാണ മണ്ഡപത്തിന്റെ സ്റ്റേജിൽ) ഇക്കുറിയും ബൊമ്മക്കൊലു ഒരുക്കിയിരിക്കുന്നത്. വലിയ ബൊമ്മകളാണ് ഇത്തവണത്തെ സവിശേഷത.
ദൈവബിംബങ്ങൾ ഇവ
ശ്രീ ദുർഗ്ഗാ, ലക്ഷ്മീ, സരസ്വതി, ശമയപുരം മാരിയമ്മൻ, കാഞ്ചി കാമാക്ഷി അമ്മൻ, ഗായത്രി ദേവി, കുംഭകർണ്ണൻ, ഗജേന്ദ്ര മോക്ഷം, ഭീമൻ ഗർവ്വം അടക്കുന്ന രൂപം, ശബരിമല, അഷ്ട ലക്ഷ്മി, മായകണ്ണാടി, ദശാവതാരം, വളകാപ്പ് സെറ്റ്, ഗോവർധനം, മീനാക്ഷി കല്യാണം, ലക്ഷ്മീ കുബേരൻ, വിശ്വരൂപം- അർജുനൻ, ശ്രീ ഗുരുവായൂരപ്പൻ, വെങ്കിടാചലപതി, കൃഷ്ണൻ രാധ, പാണ്ഡുരംഗൻ, മഹാഗണപതി, പഴനി മുരുകൻ, ശ്രീ അയ്യപ്പൻ, ഗോപാലകൃഷ്ണൻ, വെങ്കിടേശ്വര പെരുമാൾ- അലമേലു,, ആലില കൃഷ്ണൻ, ശ്രീകൃഷ്ണൻ-രാധ, ശ്രീരാമപട്ടാഭിഷേകം, അർദ്ധനാരീശ്വരൻ, വിവിധ ഹൈന്ദവ പുരാണ കഥകളെ അനുസ്മരിപ്പിക്കുന്ന കാർത്തികൈ പെൺകൾ, ശിവ കുടുംബം, വിവിധയിനം നിത്യോപയോഗ ഉപകരണങ്ങളുടെ മാതൃകകൾ, പച്ചക്കറി രൂപങ്ങൾ തുടങ്ങിയവും കൊലുപടികളിൽ ഇടം പിടിച്ചിട്ടുണ്ട്. കല്യാണ സെറ്റിന്റെ രൂപങ്ങളും ബൊമ്മക്കൊലുവിൽ കാണാം. ബൊമ്മക്കൊലുവിൻെറ നടുക്കായി കുംഭമൊരുക്കി ദേവിയുടെ ബൊമ്മ പ്രതിഷ്ഠിക്കുന്നതാണ് മുഖ്യചടങ്ങ്. ഒൻപതു ദിവസങ്ങളിലും വിവിധയിനം ചുണ്ടലുകൾ നൈവേദ്യമായി നൽകുന്നു. ചടങ്ങുകളുടെ ഭാഗമായി അതിഥികൾക്കും ബന്ധുക്കൾക്കും മധുരപലഹാരങ്ങൾ കൈമാറുന്നതും പതിവാണ്. നവധാന്യങ്ങളാൽ ഉണ്ടാക്കുന്ന പലഹാരങ്ങളാണ് ദേവിക്ക് സമർപ്പിക്കുന്നത്.
ഭക്ത ജനങ്ങൾക്ക് വെറ്റില പാക്ക് താംബൂലം നൽകുവാനുള്ള പ്രത്യേക സൗകര്യം തളി ബ്രാഹ്മണ സമൂഹമഠത്തിൽ ഒരുക്കിയിട്ടുണ്ട്. വിവിധ മധുര പലഹാരങ്ങളും ചുണ്ടൽ നൈവേദ്യവും ഭക്തജനങ്ങൾക്ക് വൈകുന്നേരം പ്രസാദമായി വിതരണം ചെയ്യും. ചടങ്ങുകൾ നവരാത്രി ദിവസങ്ങളിൽ വൈകിട്ട് 5 മുതൽ രാത്രി 9 വരെ നടക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |