കോഴിക്കോട്: വിവാദത്തിൽ കുരുങ്ങിയെങ്കിലും ബീച്ചിലെ ഭക്ഷണത്തെരുവുമായി കോർപറേഷൻ മുന്നോട്ട്. വൃത്തിയും വെടിപ്പുമുള്ള ഭക്ഷണം വിളമ്പാൻ പ്ലാറ്റ്ഫോം ഒരുക്കി പ്രത്യേക ഡിസൈനിലും വിവിധ നിറത്തിലുമുള്ള 87 ഉന്തുവണ്ടികൾ സജ്ജമായി. ശുദ്ധജലത്തിനായി ജല അതോറിറ്റിയുടെ കണക്‌ഷനുകളും മാലിന്യ സംസ്കരണ സംവിധാനങ്ങൾക്കായി സജ്ജീകരണമൊരുക്കുകയും ചെയ്തിട്ടുണ്ട്. വെെദ്യുതി എത്തിക്കാൻ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ചു കഴിഞ്ഞു. ഇനി ഭൂമിക്കടിയിലൂടെയുള്ള കേബിളിടൽ പൂർത്തിയാക്കി വെെദ്യുതി കണക്ഷൻ ലഭിക്കുന്ന മുറയ്ക്ക് മാസാവസാനത്തോടെ ഉദ്ഘാടനം നടത്താനാണ് കോർപറേഷന്റെ നീക്കം. ഉത്തര-ദക്ഷിണേന്ത്യൻ ഭക്ഷണങ്ങൾ ലഭ്യമാകും. ഇവ ഗുണമേന്മയുള്ളതാണെന്ന് കൃത്യമായി ഉറപ്പാക്കും.
ഫുഡ് സ്ട്രീറ്റ് ഇവിടെ
കോർപറേഷൻ ഓഫീസിന് മുൻവശത്ത് നിന്നാരംഭിച്ച് ഫ്രീഡം സ്‌ക്വയർ വരേയുള്ള 240 മീറ്റര്‍ നീളത്തിലുള്ള സ്ഥലത്താണ് ഭക്ഷണത്തെരുവ് സജ്ജമാകുന്നത്. ഡി എർത്ത് ആർകിടെക്റ്റ് രൂപകല്പന ചെയ്ത് പൊതുമേഖല സ്ഥാപനമായ മെറ്റൽ ഇൻഡസ്ട്രീസ് നിർമ്മിച്ച 90 തട്ടുകടകളാണ് ഇവിടെ സ്ഥാപിക്കുക. കടൽക്കാറ്റേറ്റ് തുരുമ്പ് പിടിക്കാതിരിക്കാൻ ഗുണമേന്മയുള്ള സ്റ്റീലാണ് ബങ്കുകളിൽ ഉപയോഗിച്ചിരിക്കുന്നത്.
4 - 6 ചതുരശ്ര അടി വിസ്തീർണം.
ഒരു ഉന്തുവണ്ടിക്ക് മൂന്നുലക്ഷം രൂപ
4.06 കോടി പദ്ധതി ചെലവ്
ഇതിൽ 2.41 കോടി രൂപ ദേശീയ ആരോഗ്യ മിഷൻ
ഒരു കോടി രൂപ ഭക്ഷ്യസുരക്ഷാവകുപ്പ്, ശേഷിക്കുന്ന തുക കോര്‍പ്പറേഷൻ
വണ്ടികൾ ആർക്കൊക്കെ.......വീണ്ടും നറുക്കെടുക്കണം
ഏതൊക്കെ ഉന്തുവണ്ടികൾ ആര്‍ക്കൊക്കെ എന്നറിയാൻ നറുക്കെടുത്ത് നല്‍കുന്നതിനെച്ചൊല്ലി വിവാദങ്ങളും പുകയുകയാണ്. ആവശ്യത്തിനു സമയം നൽകാതെ കഴിഞ്ഞ ദിവസം നടത്തിയ നറുക്കെടുപ്പ് ഒരു വിഭാഗം തൊഴിലാളികൾ ബഹിഷ്കരിച്ചിരുന്നു. രണ്ടാം ഘട്ട നറുക്കെടുപ്പിന് മുൻപ് തന്നെ ആദ്യത്തെ നറുക്കെടുപ്പ് ഒഴിവാക്കി വീണ്ടും നറുക്കിടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. നറുക്കെടുപ്പ് നടക്കുന്നതിന്റെ തലേദിവസമാണ് കച്ചവടക്കാരെ വിവരം അറിയിച്ചതെന്നും അതിനാൽ എല്ലാവർക്കും പങ്കെടുക്കാൻ കഴിയില്ലെന്നുംചൂണ്ടിക്കാട്ടിയെങ്കിലും നറുക്കെടുപ്പുമായി കോർപറേഷൻ മുന്നോട്ട് പോകുകയായിരുന്നു. ആകെയുള്ള 90 കച്ചവടക്കാരിൽ ഇരുപത്തിയഞ്ചിൽ താഴെ പേർ മാത്രമാണ് നറുക്കെടുപ്പിന് എത്തിയത്. എന്നാൽ ആവശ്യത്തിനു സമയം നൽകിയാണ് നറുക്കെടുപ്പ് നടത്തിയതെന്നും രണ്ടാംഘട്ട നറുക്കെടുപ്പ് ഉടൻ നടത്തുമെന്നും കോർപറേഷൻ അധികൃതർ വ്യക്തമാക്കി.
'' അനാവശ്യമായി വിവാദങ്ങൾ ഉണ്ടാക്കേണ്ട ആവശ്യമില്ല. കച്ചവടക്കാരെ എല്ലാവരെയും കാര്യങ്ങൾ കൃത്യമായി അറിയിച്ചു തന്നെയാണു നറുക്കെടുപ്പ് നടത്തിയത്. രണ്ടാം ഘട്ടം ഉടൻ നടത്തും''
പി.ദിവാകരൻ, കോർപറേഷൻ സ്ഥിരം സമിതി അദ്ധ്യക്ഷൻ
'' കച്ചവടക്കാരുടെ താത്പര്യം കേൾക്കാതെയാണ് കോർപറേഷൻ മുന്നോട്ട് പോകുന്നതെങ്കിൽ ഉദ്ഘാടന ദിവസം പങ്കെടുക്കാതെ ബഹിഷ്കരിക്കാൻ തന്നെയാണ് തീരുമാനം. ഇപ്പോൾ എടുത്ത നറുക്കെടുപ്പ് മാറ്റി പുതിയത് എടുക്കുകയും വേണം''
ഫൈസൽ പള്ളിക്കണ്ടി,സ്ട്രീറ്റ് വെൻഡേഴ്സ് യൂണിയൻ, എസ്.ടി.യു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |