കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷം മഴക്കാലത്ത് സ്വീകരിച്ച മുൻകരുതൽ നടപടികളിലും തയ്യാറെടുപ്പുകളിലും വയനാട് ജില്ല മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയെന്ന് പ്രിയങ്ക ഗാന്ധി എം.പി. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് കോർഡിനേഷൻ ആൻഡ് മോണിട്ടറിംഗ് കമ്മിറ്റിയിൽ (ദിശ) സംസാരിക്കുകയായിരുന്നു എംപി.
കാലാവസ്ഥ മൂലം സമാനമായ സാഹചര്യങ്ങൾ നേരിടുന്ന ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് പോലുള്ള സംസ്ഥാനങ്ങൾക്ക് വയനാട്ടിൽ നിന്ന് പഠിക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടി. ഇത്തവണ മഴക്കാല അപകടം മൂലം ഒരു ജീവൻ പോലും പൊലിയാതെ കാത്തതിന് ജനപ്രതിനിധികളെയും ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയും അഭിനന്ദിച്ചു.
ജില്ലയിലെ വിവിധ പദ്ധതികളുടെ പുരോഗതിയും അനുബന്ധമായി നടപ്പാക്കാവുന്ന പദ്ധതികളുടെ സാധ്യതയും യോഗം വിലയിരുത്തി. പട്ടികവർഗ വിഭാഗങ്ങൾക്കായുള്ള പദ്ധതികൾ ഗുണഭോക്താക്കളുടെ ആവശ്യവും ജീവിത രീതികളും തിരിച്ചറിഞ്ഞ് അതിന് അനുസൃതമായി രൂപകൽപന ചെയ്യണമെന്ന് എം.പി നിർദേശം നൽകി. ജനങ്ങളിൽ നിന്ന് വിവിധ മേഖലകളിൽ ലഭിച്ച പരാതികൾ എം.പി ഉദ്യോഗസ്ഥർക്ക് മുന്നിൽ ഉന്നയിച്ചു. മാനന്തവാടി ഗവ. മെഡിക്കൽ കോളജ് ഉൾപ്പെടെ ജില്ലയിലെ ആരോഗ്യ മേഖലയിലെ വിവിധ പദ്ധതികൾ, മനുഷ്യവന്യമൃഗ സംഘർഷം, പട്ടികവർഗ വിഭാഗത്തിന്റെ ആരോഗ്യ പ്രശ്നം തുടങ്ങിയ വിഷയങ്ങൾ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദയുമായും ചുരത്തിലെ മണ്ണിടിച്ചിൽ ഉൾപ്പെടെ മറ്റ് പ്രശ്നങ്ങൾ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി മന്ത്രി നിതിൻ ഗഡ്കരിയുമായും ചർച്ച ചെയ്‌തെന്ന് എം.പി അറിയിച്ചു. കൽപ്പറ്റ ജനറൽ ആശുപത്രിയ്ക്ക് ക്രിട്ടിക്കൽ കെയർ കെട്ടിടം പണിയാൻ എൽസ്റ്റൺ എസ്റ്റേറ്റിൽ ഭൂമി കണ്ടെത്തി മാസ്റ്റർ പ്ലാൻ തയാറാക്കിയിട്ടുണ്ട്. ഇനി മന്ത്രിസഭയുടെ അനുമതി തേടണം. വെള്ളമുണ്ട മോതക്കര റോഡ് പ്രവൃത്തി അടുത്ത മാസം പൂർത്തിയാകും. ദേശീയ ആരോഗ്യ ദൗത്യം, ദേശീയപാത അതോറിറ്റി, മുണ്ടക്കൈചൂരൽമല ഉരുൾപൊട്ടൽ പുനരധിവാസം തുടങ്ങിയവയുമായി ബന്ധപ്പെട്ട് പ്രത്യേക ചർച്ചയും എം.പിയുടെ അദ്ധ്യക്ഷതയിൽ നടന്നു. എം.എൽ.എമാരായ ടി. സിദ്ധിഖ്, ഐ.സി ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, കൽപ്പറ്റ നഗരസഭ അദ്ധ്യക്ഷൻ ടി.ജെ ഐസക്, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു, ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ, എ.ഡി.എം കെ. ദേവകി, ദിശ കൺവീനർ കൂടിയായ തദ്ദേശസ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ജോമോൻ ജോർജ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |