തിരുവനന്തപുരം: ദൃക്‌സാക്ഷികൾ ഇല്ലാതിരുന്ന തമ്പാനൂർ ഗായത്രി കൊലപാതകക്കേസിൽ പൊലീസിന്റെയും പ്രോസിക്യൂഷന്റെയും മികവിൽ കണ്ടെത്തിയ ശാസ്ത്രീയ തെളിവുകളുടെയും ഡിജിറ്റൽ തെളിവുകളുടെയും പിൻബലത്തിലാണ് പ്രതിക്ക് ശിക്ഷ ഉറപ്പാക്കാനായത്.
പ്രതി പ്രവീണും ഗായത്രിയും താമസിച്ചിരുന്ന തമ്പാനൂരിലെ ലോഡ്‌ജ് മുറിയിൽ നിന്ന് ശേഖരിച്ച വിരലടയാളങ്ങൾ പ്രതിയുടേതാണെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചു. പ്രതിയും ഗായത്രിയും ഗായത്രിയുടെ ബന്ധുക്കളും തമ്മിലുള്ള ഫോൺ സംഭാഷണങ്ങളുടെ സമയക്രമവും മൊബൈൽ ഫോണുകളുടെ ടവർ ലൊക്കേഷനുകളും അന്വേഷണത്തിൽ നിർണായകമായി.
2022 മാർച്ച് അഞ്ചിന് രാവിലെ പ്രവീൺ തമ്പാനൂരിലെ ഹോട്ടലിൽ മുറിയെടുത്തശേഷം കാട്ടാക്കടയിൽ പോയി ഇരുചക്ര വാഹനത്തിലാണ് ഗായത്രിയെ കൂട്ടിക്കൊണ്ടുവന്നത്. തമിഴ്നാട് തിരുവണ്ണാമലയിലെ ജുവലറിയിലേക്ക് സ്ഥലംമാറി പോകുന്നതിനു മുമ്പ് പ്രശ്‌നങ്ങൾ തീർപ്പാക്കാനെന്നു പറഞ്ഞാണ് ഗായത്രിയെ വിളിക്കുന്നത്. എന്നാൽ തന്നെയും ഒപ്പം കൊണ്ടുപോകണമെന്ന് ഗായത്രി നിർബന്ധംപിടിച്ചു. തുടർന്ന് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാക്കാനുള്ള തന്ത്രങ്ങൾ പ്രവീൺ ചെയ്തു.
വൈകിട്ട് അഞ്ചരയ്ക്ക് ഹോട്ടൽമുറി പൂട്ടിപ്പോയ പ്രവീൺ,ഗായത്രിയുടെ ഫോണുമെടുത്തിരുന്നു. ഈ ഫോണിൽ നിന്ന് വാട്സാപ് സ്റ്റാറ്റസായി പങ്കുവച്ച ഫോട്ടോകൾ രാത്രി ഏഴോടെ 'ലവ് യൂ' എന്ന തലക്കെട്ടിൽ പ്രവീൺ ഫേസ്ബുക്കിലിട്ടു. താനുമായി പിണങ്ങി ഗായത്രി ആത്മഹത്യചെയ്‌തെന്ന് വരുത്താനായിരുന്നു ഇത്.
രാത്രിയോടെ ഗായത്രിയുടെ സഹോദരി ജയശ്രീ വിളിച്ചപ്പോൾ ഗായത്രി തന്റെയൊപ്പമുണ്ടെന്നും ഇനിയാരും അവളെ അന്വേഷിക്കരുതെന്നും പറഞ്ഞ് പ്രവീൺ ഭീഷണിപ്പെടുത്തി. തുടർന്നാണ് ഇവർ കാട്ടാക്കട പൊലീസിൽ പരാതി നൽകിയത്. കൊലപാതകത്തിനുശേഷം ബസിൽ പരവൂരിലേക്കു മടങ്ങിയ പ്രവീൺ,രാത്രി 12.30ഓടെ ഹോട്ടലിൽ വിളിച്ച് ഗായത്രി മരിച്ചുകിടക്കുന്ന കാര്യം അറിയിക്കുകയായിരുന്നു. ഡിജിറ്റൽ തെളിവുകളും ശാസ്ത്രീയത്തെളിവുകളും കണ്ടെത്താതിരുന്നെങ്കിൽ കേസിന്റെ ഭാവി മറ്റൊന്നാകുമായിരുന്നെന്ന് നിയമവിദഗ്ദ്ധർ പറയുന്നു.
അന്നത്തെ ഫോർട്ട് എ.സിയും നിലവിൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ ഡിവൈ.എസ്.പി എസ്.ഷാജി, അന്നത്തെ തമ്പാനൂർ സി.ഐയും നിലവിൽ തിരുവനന്തപുരം ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഡിറ്റക്ടീവ് ഇൻസ്‌പെക്ടർ എസ്.സനോജ്,തമ്പാനൂർ എസ്.ഐയും നിലവിൽ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ വി.എസ്.രഞ്ജിത്ത്,നേമം എസ്.ഐ എം.സുബിൻ,ക്രൈംബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഓഫീസിലെ എസ്.സി.പി.ഒ ആർ.എസ്.സനൂജ് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |