മലപ്പുറം: ജല-ജന്തുജന്യ രോഗങ്ങൾക്കെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയെന്ന് ആരോഗ്യ വകുപ്പ് അവകാശപ്പെടുമ്പോഴും ജില്ലയിൽ രോഗികളുടെ എണ്ണവും മരണവും വർദ്ധിക്കുന്നു. ഈ മാസം മാത്രം എട്ട് പേരാണ് ജില്ലയിൽ മരണപ്പെട്ടത്. ഇതിൽ അഞ്ച് പേരും സ്ത്രീകളാണ്. നിറമരുതൂർ തേവർകടപ്പുറത്ത് ഈമാസം നാലിനും 13നും എലിപ്പനി ബാധിച്ച് 64ഉം 49ഉം വയസുള്ള രണ്ടുപേർ മരണപ്പെട്ടിട്ടുണ്ട്. ഇവർ ഉൾപ്പെടെ അഞ്ച് എലിപ്പനി ബാധിച്ചുള്ള മരണങ്ങളുണ്ടായി. ചേലേമ്പ്ര പുല്ലുംകുന്നിലെ 60കാരി, കടുങ്ങാത്തുകുണ്ടിലെ 61കാരി, വെളിയങ്കോട് എരമംഗലത്ത് 40കാരി എന്നിവരാണ് മരിച്ചത്. ഇൻഫ്ളുവൻസ ബാധിച്ച് വട്ടംകുളത്ത് 60കാരനും എ.ഇ.എസ് ( അക്യൂട്ട് എൻസഫലൈറ്റിസ് സിൻട്രോം) രോഗം സ്ഥിരീകരിച്ച് പരപ്പനങ്ങാടിയിൽ 55കാരിയും മരണപ്പെട്ടിട്ടുണ്ട്. എലിപ്പനി രോഗം പടരുന്നതാണ് മരണങ്ങളുടെ എണ്ണം കൂട്ടുന്നത്. ഒരാഴ്ചക്കിടെ സർക്കാർ ആശുപത്രികളിൽ മാത്രം 14 പേർ എലിപ്പനി രോഗ ലക്ഷണങ്ങളോടെ ചികിത്സ തേടിയിട്ടുണ്ട്. ഇതിൽ ഏഴ് പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അത്താണിക്കൽ, തൃക്കലങ്ങോട്, എടപ്പാൾ, വെളിയങ്കോട്, എരമംഗലം, മഞ്ചേരി, തുവ്വൂർ എന്നിവിടങ്ങളിലാണ് രോഗം റിപ്പോർട്ട് ചെയ്തത്.
വിട്ടൊഴിയാതെ പനി
ഒരാഴ്ചയ്ക്കിടെ സർക്കാർ ആശുപത്രികളിൽ മാത്രം പകർച്ചപ്പനി ബാധിച്ച് 9,528 പേരാണ് ചികിത്സ തേടിയത്. ഇതിൽ 79 പേർക്ക് അഡ്മിറ്റ് ചെയ്തുള്ള ചികിത്സ വേണ്ടിവന്നു. ദിനംപ്രതി ശരാശരി 1,300ഓളം പേർ പനി ബാധിച്ച് ചികിത്സ തേടുന്നുണ്ട്. സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും എത്തുവരുടെ എണ്ണം കൂടി കണക്കാക്കിയാൽ ഇതിന്റെ ഇരട്ടി വരും
സൂക്ഷിക്കണം ഡെങ്കിയെ
ഡെങ്കി വ്യാപനത്തിൽ കാര്യമായ കുറവില്ലാത്തത് ആശങ്ക ഉയർത്തുന്നതാണ്. പരിസര ശുചീകരണവും വെള്ളം കെട്ടിനിൽക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുന്നതിലൂടെ രോഗവ്യാപനം ഒരുപരിധി വരെ തടയാനാവും. രോഗം വലിയ തോതിൽ കൂടുമ്പോൾ പരിസര ശുചീകരണത്തിൽ ആരോഗ്യ- തദ്ദേശ വകുപ്പ് അധികൃതർ ജാഗ്രത പുലർത്തുന്നത് ഒഴിച്ചുനിറുത്തിയാൽ തുടർപ്രവർത്തനങ്ങൾ പാതിയിൽ നിലയ്ക്കാറാണ് പതിവ്.
ഒരാഴ്ചക്കിടെ രോഗം സ്ഥിരീകരിച്ചത് ഇവിടങ്ങളിൽ
തിരൂർ, പൊന്മുണ്ടം, മഞ്ചേരി, തൃപ്പനച്ചി, കാളികാവ്, മംഗലശ്ശേരി, മൂത്തേടം, ആലങ്കോട്, പാണ്ടിക്കാട്, മുതുവല്ലൂർ, തൃക്കലങ്ങോട്, പോരൂർ.
രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയത്- 69 പേർ
ഡെങ്കി രോഗം സ്ഥിരീകരിച്ചത് - 16 പേർക്ക്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |