കൊണ്ടോട്ടി: സ്വകാര്യബസിൽ യാത്ര ചെയ്ത 13കാരനെ അടുത്തിരുത്തി ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ കേസിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. കിഴിശ്ശേരി ചെങ്ങിണീരി കളത്തിങ്കൽ അലി അസ്‌കർ പുത്തലൻ (49) എന്നയാളെയാണ് കൊണ്ടോട്ടി പൊലീസ് പോക്‌സോ പ്രകാരം അറസ്റ്റ് ചെയ്തത്. 20ന് വൈകിട്ട് കിഴിശ്ശേരിയിൽ നിന്ന് ബസ് കയറിയ കുട്ടിയെയാണ് പ്രതി ഉപദ്രവിച്ചത്. കുട്ടി വീട്ടിലെത്തി മാതാപിതാക്കളോട് പറഞ്ഞതിനെ തുടർന്ന് ചൈൽഡ് ലൈനിൽ വിവരം നൽകുകയായിരുന്നു. തുടർന്ന് കൊണ്ടോട്ടി പൊലീസ് കേസെടുത്തു.
പ്രതി ആരാണെന്ന് കുട്ടിക്ക് അറിയാത്തതും ബസിൽ സിസി ടിവി ക്യാമറ ഇല്ലാഞ്ഞതും അന്വേഷണം ദുഷ്‌കരമാക്കി. കിഴിശ്ശേരി മുതൽ മഞ്ചേരി വരെയുള്ള ബസ് സ്റ്റോപ്പുകളിലെ ക്യാമറ ദൃശ്യങ്ങൾ ശേഖരിച്ചതിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. വയനാട് മേപ്പാടിക്കടുത്തുള്ള പുതിയ ജോലിസ്ഥലത്തു നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ 2020ൽ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്‌സോ കേസിൽ വിചാരണ നേരിടുകയാണ്. ഇയാളെ മലപ്പുറം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |