ചെന്നൈ: കരൂരിൽ 40 പേരുടെ മരണത്തിനിടയായ സംഭവത്തിന് പിന്നാലെ തമിഴക വെട്രി കഴകം പ്രസിഡന്റായ സൂപ്പർതാരം വിജയ്‌യുടെ വീടിനുനേരെ ബോംബ് ഭീഷണി. ചെന്നൈ നീലാങ്കരയിലെ വീട്ടിൽ ബോംബ് വച്ചെന്ന ഭീഷണി കഴിഞ്ഞദിവസം രാത്രിയാണ് ചെന്നൈ പൊലീസിന് ഫോൺ സന്ദേശമായി ലഭിച്ചത്. തുടർന്ന് പൊലീസ് സംഘം ഡോഗ് സ്‌ക്വാഡടക്കമെത്തി സ്ഥലത്ത് വിശദപരിശോധന നടത്തി. വീടിനകത്തും പുറത്തും പൊലീസ് വിശദപരിശോധന നടത്തിയെങ്കിലും കാര്യമായൊന്നും കണ്ടെത്തിയില്ല. നിലവിൽ ലോക്കൽ പൊലീസിന് പുറമേ വീട്ടിൽ സിആർപിഎഫിനെയും നിയോഗിച്ചിട്ടുണ്ട്.
40 പേരുടെ മരണ കാരണമായ റാലി സംഘടിപ്പിച്ച വിജയ്‌യെ സംഭവത്തിൽ ഇതുവരെ തമിഴ്‌നാട് പൊലീസ് പ്രതിയാക്കിയിട്ടില്ല. വിഷയം ഇന്ന് സർക്കാർ കോടതിയിൽ ഉന്നയിച്ചേക്കും. കോടതി നിർദ്ദേശിച്ചാൽ കേസെടുക്കും. കോടതി സ്വമേധയാ കേസെടുക്കുമെന്നും കണക്കുകൂട്ടുന്നു. അതേസമയം ടി.വി.കെ സംസ്ഥാന ജനറൽ സെക്രട്ടറി ബുസി ആനന്ദ്, ജോയിന്റ് സെക്രട്ടറി സി.ടി നിർമൽ കുമാർ കരൂർ ജില്ലാ സെക്രട്ടറി മതിയഴകൻ എന്നിവർക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു.
സംഭവത്തിൽ പെട്ട് ശനിയാഴ്ച ആശുപത്രിയിലെത്തി പ്രാഥമിക ചികിത്സ നേടിയ കരൂർ സ്വദേശിയായ കവിൻ (32) ഇന്നലെ മരിച്ചു. ഡിസ്ചാർജ് വാങ്ങി വീട്ടിലെത്തിയശേഷം നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഇതോടെയാണ് ആകെ മരണം 40 ആയത്. 111 പേർ ചികിത്സയിലാണ്.
ദുരന്തത്തിന് പിന്നാലെ പര്യടനം നിറുത്തിവെച്ച വിജയ് ചെന്നൈയിലെ വസതിയിൽതന്നെ തങ്ങുകയാണ്. ഇതിനിടെയാണ് ബോംബ് ഭീഷണിയുണ്ടായത്. കോയമ്പത്തൂർ, നീലഗിരി ജില്ലകളിലെ 31 കേന്ദ്രങ്ങളിലാണ് ഇനി റാലി നടത്താനുള്ളത്. അതിനിടെ കരൂർ സന്ദർശനത്തിന് അദ്ദേഹം പൊലീസിന്റെ അനുമതി തേടി. ദുരന്തത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ടി.വി.കെ മദ്രാസ് ഹൈക്കോടതിയിൽ നൽകിയ ഹർജിയും ഇന്ന് പരിഗണിക്കും. ഗൂഢാലോചനയുണ്ടെന്നാണ് ഹർജിയിലെ ആരോപണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |