പാറ്റ്ന: ബീഹാർ നിയമസഭ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ മുന്നണികൾ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയുന്ന തിരക്കിലാണ്. കേന്ദ്രം ഭരിക്കുന്ന ബിജെപിക്കും കോൺഗ്രസ് നേതൃത്വം നൽകുന്ന പ്രതിപക്ഷത്തിനും നിർണായകമായ ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് നവംബർ 6, 11 തീയതികളിൽ നടക്കും. നവംബർ 14ന് ഫലമറിയാം. 121 സീറ്റുകളിൽ ആദ്യ ഘട്ടത്തിലും 122 സീറ്റുകളിൽ രണ്ടാം ഘട്ടത്തിലും വോട്ടെടുപ്പ് നടക്കും.
മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയു നേതൃത്വം നൽകുന്ന എൻഡിഎയും ആർജെഡി, കോൺഗ്രസ് എന്നിവ അടങ്ങിയ മഹാമുന്നണിയും പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിയും മത്സരരംഗത്തുണ്ട്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉയർത്തിയ വോട്ട് കൊള്ള ആരോപണവും തിരഞ്ഞെടുപ്പിൽ നിർണായകമാകുമെന്നാണ് കരുതുന്നത്.
ഇത്തവണ ബിജെപി 'വികാസ് വിശ്വാസ്' ( വികസനവും വിശ്വാസവും) എന്ന മുദ്രാവാക്യത്തോടെയാണ് പ്രചരണം ശക്തമാക്കുന്നത്. 'നിതീഷ് കാ നാം, മോദി കാ കാം' എന്ന വാചകവും തിരഞ്ഞെടുപ്പിൽ ബിജെപി ഉയർത്തിപ്പിടിക്കും. കേന്ദ്രത്തിലെ മോദി സർക്കാരിന്റെ പ്രകടനം ഉയർത്തിക്കാട്ടുകയും അതേസമയം എൻഡിഎയ്ക്കുള്ളിലെ സ്ഥിരതയുടെ മുഖമായി മുഖ്യമന്ത്രി നിതീഷ് കുമാറിനെ പിന്തുണയ്ക്കുക എന്നിവയാണ് പാർട്ടി ബീഹാറിൽ ലക്ഷ്യമിടുന്നത്.
താഴെത്തട്ടിൽ നിന്നുള്ള പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 40 ലോക്സഭ മണ്ഡലങ്ങളെ മൂന്നായി തിരിച്ച് മൂന്ന് പ്രധാനപ്പെട്ട നേതാക്കൾക്ക് വിഭജിച്ചു നൽകും. 243 നിയമസഭ മണ്ഡലങ്ങളിലും പ്രചാരണം ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. മുഖ്യ തിരഞ്ഞെടുപ്പ് ചുമതലയുള്ള ധർമ്മേന്ദ്ര പ്രധാൻ 87 നിയമസഭാ സീറ്റുകളടങ്ങുന്ന 14 ലോക്സഭാ മണ്ഡലങ്ങളുടെ മേൽനോട്ടം വഹിക്കും. സിആർ പാട്ടീലിനും കേശവ് പ്രസാദ് മൗര്യയ്ക്കും 13 ലോക്സഭ മണ്ഡലങ്ങൾ വീതമാണ് നൽകിയിരിക്കുന്നത്. ഏകദേശം 78 നിയമസഭാ സീറ്റുകളാണ് ഇവർക്ക് വിഭജിച്ച് നൽകിയിരിക്കുന്നത്.
കതിഹാർ, പൂർണിയ, അരാരിയ, ബെഗുസാരായി, ഭഗൽപൂർ, മുൻഗർ, കിഷൻഗഞ്ച്, സമസ്തിപൂർ, മധേപുര, ജാമുയി, സുപൗൾ, നവാഡ, ഖഗാരിയ എന്നിവിടങ്ങളിലെ പ്രചാരണ പ്രവർത്തനങ്ങൾ പാട്ടീൽ ഏകോപിപ്പിക്കും. കിഴക്കൻ, പടിഞ്ഞാറൻ ചമ്പാരൻ, സിവാൻ, സരൺ, ഗോപാൽഗഞ്ച്, ശിവർ, മഹാരാജ്ഗഞ്ച്, മുസാഫർപൂർ, ഹാജിപൂർ, വൈശാലി, ബക്സർ, വാൽമീകിനഗർ എന്നീ മണ്ഡലങ്ങൾ മൗര്യ കൈകാര്യം ചെയ്യും. ഇവർ ബിജെപി സീറ്റുകൾക്ക് മാത്രമല്ല, എൻഡിഎയുടെ നേതൃത്വത്തിൽ മത്സരിക്കുന്ന എല്ലാ സീറ്റുകളിലും ഏകോപനം നടത്തും.
അതേസമയം, എൻഡിഎയയുടെ സീറ്റ് വിതരണം സംബന്ധിച്ചുള്ള ചർച്ചകൾക്ക് വ്യാഴാഴ്ച തുടക്കമാകും. പ്രധാന കക്ഷി നേതാക്കളായ ചിരാഗ് പസ്വാനും ധർമേന്ദ്ര പ്രധാനുമായും ഒരേ ദിവസം കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ചയ്ക്ക് (എച്ച്എഎം) 10 സീറ്റുകളും ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടിക്ക് (ആർഎൽപി) ഏഴും സീറ്റുകൾ അനുവദിച്ചേക്കുമെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. ചിരാഗ് പാസ്വാന്റെ എൽജെപിക്ക് (റാം വിലാസ്) 20 മുതൽ 25 സീറ്റുകൾ ബിജെപിയും ജെഡിയുവും പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. എന്നാൽ 35 സീറ്റുകൾക്കായി ചിരാഗ് പസ്വാൻ സമ്മർദ്ദം ചെലുത്തിയേക്കും.
ബിജെപിയുടെ പിന്തുണയോടെ നിതീഷ് കുമാറിന്റെ ജെഡിയു സഖ്യമാണ് ഇപ്പോൾ ബീഹാർ ഭരിക്കുന്നത്. അധികാരം നിലനിറുത്തുകയാണ് എൻഡിഎയുടെ ലക്ഷ്യമെങ്കിലും ജെഡിയുവിനെ മറികടന്ന് ഒറ്റയ്ക്ക് ഭരണത്തിലെത്താനും ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ആറുമാസത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി പല തവണകളായി കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതികൾ പ്രഖ്യാപിച്ചത് ബിജെപി സംസ്ഥാനത്തിന് നൽകുന്ന പ്രാധാന്യം വ്യക്തമാക്കുന്നുണ്ട്. ഓപ്പറേഷൻ സിന്ദൂറും ജിഎസ്ടി പരിഷ്‌കരണവും പ്രചാരണത്തിൽ ആയുധമാക്കാൻ ബിജെപി ശ്രമിക്കും.
അതേസമയം,അധികാരം പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് ആർജെഡി, കോൺഗ്രസ്, ഇടതു പാർട്ടികളുടെ പ്രതിപക്ഷ മഹാമുന്നണി. അതിനായി ആർജെഡി നേതാവ് തേജസ്വി യാദവിനെ മഹാമുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കുകയാണ്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ കർണാടകയിലെ വോട്ടുകൊള്ള വെളിപ്പെടുത്തലും ബീഹാറിലെ വോട്ടർ അധികാർ യാത്രയും വോട്ടായി മാറുമെന്നാണ് പ്രതീക്ഷ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |