ഇരിങ്ങാലക്കുട: അക്കൗണ്ടിലെ ബാക്കി തുക സമയത്ത് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കരുവന്നൂർ ബാങ്ക് ശാഖയിലെത്തിയ നിക്ഷേപകൻ ബാങ്കിനുള്ളിലെ കൗണ്ടർ ടേബിളിലേക്ക് പെട്രോളൊഴിച്ചു. ചൊവ്വാഴ്ച രാവിലെ 10.45 ഓടെ കരുവന്നൂർ ബാങ്കിന്റെ പൊറത്തിശ്ശേരി ശാഖയിലെത്തിയാണ് കൂത്തുപാലക്കൽ സുരേഷ് എന്നയാൾ പെട്രോൾ ഒഴിച്ചത്.
ഷെർലി, സീന എന്നിങ്ങനെ രണ്ട് ജീവനക്കാർ മാത്രമാണ് ഈ സമയം ബാങ്കിലുണ്ടായിരുന്നത്. അവർ സീറ്റിലില്ലാതിരുന്നതിനാൽ അപകടമൊന്നും സംഭവിച്ചില്ല.
അക്കൗണ്ടിലുള്ള ചെറിയ തുക തിരിച്ചുകിട്ടാനായി കഴിഞ്ഞമാസം 19ന് ഇയാൾ ബാങ്കിൽ അപേക്ഷ നൽകി. എന്നാൽ ചൊവ്വാഴ്ച രാവിലെ ബാങ്കിലെത്തി പണം ആവശ്യപ്പെട്ടെങ്കിലും ഹെഡ് ഓഫീസിൽ നിന്നും തുക പാസായിട്ടില്ലെന്ന് ജീവനക്കാർ അറിയിച്ചു. തിരിച്ചുപോയ സുരേഷ് തിരികെ ഒരു കുപ്പി പെട്രോളുമായി എത്തുകയായിരുന്നു.ഇയാൾക്ക് സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടിൽ നിന്ന് 82,500 രൂപ തിരികെ നൽകിയതാണെന്ന് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനർ ആർ.എൽ.ശ്രീലാൽ പറഞ്ഞു. അക്കൗണ്ട് ബാലൻസായി 8,698 രൂപയാണ് ബാക്കിയുള്ളത്. വായ്പകളിൽ അടവ് വരുന്ന പ്രകാരം അടുത്ത ദിവസം തുക നൽകാനിരിക്കെയാണ് ആക്രമണം.
സംഭവത്തിന് പിറകിൽ ബി.ജെ.പിയാണെന്നാരോപിച്ച് സി.പി.എം പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ടാരംതറ മൈതാനത്തിന് സമീപം പ്രതിഷേധ പ്രകടനം നടത്തി. സംഭവത്തിൽ ബി.ജെ.പിക്ക് പങ്കില്ലെന്നും സുരേഷ് പാർട്ടിക്കാരനല്ലെന്നും ബി.ജെ.പി മണ്ഡലം സെക്രട്ടറിയും കൗൺസിലറുമായ ഷാജുട്ടൻ, ട്രഷറർ ജോജൻ കൊല്ലാട്ടിൽ എന്നിവർ പറഞ്ഞു. പണം കിട്ടാത്തതിലുള്ള മനോവിഷമം കൊണ്ട് ചെയ്തതാണെന്നും ഇതിൽ രാഷ്ട്രീയമില്ലെന്നും സുരേഷ് പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |