ചാലക്കുടി: റെയിൽവേയുടെ അലംഭാവം മൂലം യുവാവ് മരിച്ച സംഭവത്തിൽ പരാതിയുമായി യുവതി രംഗത്ത്. കോടശേരിയിലെ മാരാങ്കോട് മുണ്ടോപ്പിള്ളി സുബ്രന്റെ മകൻ ശ്രീജിത്തിന്റെ (26) മരണം സംബന്ധിച്ചാണ് കായംകുളം സ്വദേശി സൂര്യ റെയിൽവേ പൊലീസിൽ പരാതി നൽകിയത്. യുവാവിന്റെ വീട്ടുകാരും സംഭവത്തിൽ നിയമ നടപടി ആവശ്യപ്പെട്ടു.
കഴിഞ്ഞ അഞ്ചിന് പുലർച്ചെ മുളങ്കുന്നത്തുകാവ് റെയിൽവേസ്റ്റേഷന്റെ പ്ലാറ്റ്‌ഫോമിൽവച്ചായിരുന്നു നെഞ്ചുവേദനയെ തുടർന്ന് ശ്രീജിത്ത് മരിച്ചത്. ഹൈദരാബാദിൽ നിന്ന് മുംബയ്-എറണാകുളം ഓഖ എക്സ്‌പ്രസിൽ വന്നതായിരുന്നു ശ്രീജിത്തും പ്രതിശ്രുത വധു സൂര്യയും. വടക്കാഞ്ചേരിയിൽവച്ച് നെഞ്ചു വേദനയുണ്ടായ ശ്രീജിത്തിനെ അവിടെ ഇറക്കാൻ ടി.ടി.ആർമാർ തയ്യാറായില്ലെന്ന് പരാതിയിൽ പറയുന്നു.
യുവാവിന് ഹൃദയാഘാതമാണെന്ന് സഹയാത്രികനായ ഡോക്ടർ വ്യക്തമാക്കിയിരുന്നു.
എത്രയും വേഗം ആശുപത്രിയിലെത്തിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചെങ്കിലും ടി.ടി.ആർ വഴങ്ങിയില്ലെന്നാണ് ആക്ഷേപം. മറ്റു യാത്രക്കാരുടെ ശക്തമായ ഇടപെടലിനെ തുടർന്ന് പിന്നീട് വിവരം മുളങ്കുന്നത്തുകാവ് സ്റ്റേഷനിൽ അറിയിക്കുകയും ട്രെയിന്‍ അവിടെ നിറുത്തുകയും ചെയ്തു. എന്നാൽ ആംബുലൻസ് പോലും തയ്യാറാക്കാതിരുന്ന സ്റ്റേഷന്‍ മാസ്റ്റർ ഇതിൽ ഇടപെട്ടില്ല. ഉടൻ ട്രെയിൻ പുറപ്പെടാൻ സിഗ്നൽ നൽകി. യുവതിയും സഹായികളായ ചിലരും ചേർന്ന് പാളത്തിൽ കയറി നിന്നാണ് ട്രെയിൻ പോകുന്നത് തടഞ്ഞത്. ഇതിനിടയിൽ ഒപ്പമുണ്ടായിരുന്ന ഡോക്ടർ ശ്രീജിത്തിന് സി.പി.ആർ നൽകി. എന്നാൽ ഏറെ നേരം കഴിഞ്ഞ് ആംബുലൻസെത്തുമ്പോഴേക്കും യുവാവ് അന്ത്യശ്വാസം വലിച്ചിരുന്നു. റെയിൽവേയുടെ ഗുരുതരമായ അലംഭാവം ചൂണ്ടിക്കാട്ടിയാണ് യുവതി പരാതി നൽകിയത്. ശ്രീജിത്തിന്റെ സംസ്‌കാരം നടത്തി. ആയുർവേദ തെറാപിസ്റ്റാണ് ശ്രീജിത്ത്. അമ്മ: ഉഷ. സഹോദരൻ: ശ്രീജിഷ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |