
കൊച്ചി: 'സ്‌പാർക്" പോർട്ടലിലെ ഡാറ്റ എങ്ങനെ കിട്ടിയെന്ന് കേരള ഐ.ടി മിഷൻ ഓഫീസർ ഇന്ന് ഹാജരായി വിശദീകരിക്കണമെന്ന് ഹൈക്കോടതി. സർക്കാരിനായി സന്ദേശമയയ്ക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിനു കഴിയുമോയെന്ന് വാദത്തിനിടെ കോടതി ചോദിച്ചു. മുഖ്യമന്ത്രി സംസ്ഥാന സർക്കാരിന്റെ ഭരണത്തലവനാണെന്ന് അഡ്വക്കേറ്റ് ജനറൽ മറുപടി നൽകി.
സേവന, വേതന വിവരങ്ങൾ കൈകാര്യം ചെയ്യുന്ന സ്‌പാർക് പോർട്ടലിലെ ഡാറ്റയുടെ ദുരുപയോഗം തടയണമെന്നാവശ്യപ്പെട്ട് കാലിക്കറ്റ് സർവകലാശാലാ സിൻഡിക്കേറ്റ് അംഗം പി. റഷീദ് അഹമ്മദ്, സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥൻ കെ.എം. അനിൽകുമാർ എന്നിവർ നൽകിയ ഹർജിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പരിഗണിക്കുന്നത്.
ശമ്പള-സർവീസ് ആനുകൂല്യങ്ങൾ സംബന്ധിച്ച് അറിയിപ്പിനായി ഡാറ്റ ഉപയോഗിക്കാൻ പ്രത്യേക അനുമതി വേണ്ടെന്ന് സർക്കാർ വാദിച്ചു. എന്നാൽ ജഡ്ജിമാർക്കും സന്ദേശം വന്നതെങ്ങനെയാണെന്ന് കോടതി ചോദിച്ചു. തരംതിരിവില്ലാതെ സന്ദേശം അയച്ചെന്നായിരുന്നു മറുപടി. ഐ.ടി മിഷൻ സർക്കാരിന്റെ ഇ-ഗവേണൻസ് നടപ്പാക്കുന്ന നോഡൽ ഏജൻസിയാണെന്നും ഡാറ്റ പുറത്തു പോയിട്ടില്ലെന്നുമാണ് സർക്കാരിന്റെ വാദം. ഇന്നും വാദം തുടരും.
വയനാടിന്റെ നന്ദി അറിയിക്കുന്നതിലും തർക്കം
മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിന് ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നൽകിയവർക്ക് നന്ദി സന്ദേശമയയ്ക്കാൻ അനുമതി തേടി സർക്കാർ ഹൈക്കോടതിയിൽ അപേക്ഷ നൽകി. എന്നാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള തുകയാണ് ഇതിന് ഉപയോഗിച്ചതെന്നും സംഭാവന നൽകിയവർക്കെല്ലാം അന്നു തന്നെ മറുപടി രസീത് ലഭിച്ചതാണെന്നും ഇപ്പോൾ പ്രത്യേക സന്ദേശം എന്തിനാണെന്നും ഹർജിക്കാർ തർക്കമുന്നയിച്ചു. വീടുകൾ പൂർത്തിയാക്കി കൈമാറിയത് ഇപ്പോഴാണെന്ന് സർക്കാർ പറഞ്ഞു. ഹർജിക്കാരന്റെ എതിർപ്പ് രേഖാമൂലം അറിയിക്കാൻ കോടതി നിർദ്ദേശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |