
തിരുവനന്തപുരം: വ്യവസായ, നിക്ഷേപങ്ങൾക്ക് അനുകൂലമായ നടപടികൾ സ്വീകരിച്ചതിനുള്ള അംഗീകാരമായി കേരളത്തിന് കേന്ദ്രം 360 കോടി രൂപ അനുവദിച്ചു. ഒറ്റത്തവണയായി ലഭിക്കും.
മൂലധന നിക്ഷേപങ്ങൾക്ക് കേന്ദ്രം നൽകുന്ന പ്രത്യേക സഹായ പദ്ധതിയുടെ ഭാഗമായി നിയന്ത്രണ നടപടികൾ (ഡിറഗുലേഷൻ) കുറയ്ക്കുന്നതിനും ചട്ടങ്ങൾ ലളിതമാക്കുന്നതിനും കൈക്കൊണ്ട പരിഷ്കാരങ്ങൾക്കാണ് അംഗീകാരം.
പദ്ധതി കഴിഞ്ഞ ഒമ്പത് മാസമായി ഏകോപിപ്പിച്ചത് കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷനാണ്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് നടപ്പാക്കിയത്.
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ സങ്കീർണമായ അനുമതി പ്രക്രിയകളില്ലാതെ ലഭ്യമാക്കി.
തുക കേരള റോഡ് ഫണ്ട് ബോർഡ്, കേരള വാട്ടർ അതോറിറ്റി, റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ഒഫ് കേരള, കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് എന്നിവ ഉൾപ്പെടെയുള്ള പ്രധാന പൊതുമേഖലാ സ്ഥാപനങ്ങൾ നടപ്പിലാക്കുന്ന 13 മൂലധന നിക്ഷേപ പദ്ധതികൾക്ക് പ്രയോജനപ്പെടുത്തും.
കെട്ടിട നിർമാണ ചട്ടങ്ങളിൽ ഇളവുകൾ, മാസ്റ്റർപ്ലാൻ നടപടിക്രമങ്ങൾ ലളിതമാക്കൽ, വ്യവസായ ഭൂമി ബാങ്കുകളുടെ രൂപീകരണം, കെട്ടിട നിർമാണത്തിനും ഉപയോഗത്തിനുമുള്ള അനുമതികൾ ലളിതമാക്കൽ എന്നിവ ഉൾപ്പെടെയുള്ള നിരവധി നിയന്ത്രണ പരിഷ്‌കരണങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. ഇതിലൂടെ സംരംഭകർക്കും നിക്ഷേപകർക്കും കൂടുതൽ അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാനായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |