അടിമാലി: 'ഭക്ഷണം കഴിച്ചിട്ട് വരാമെന്ന് അവർ പറഞ്ഞു. പെട്ടെന്ന് വലിയ ശബ്ദം കേട്ടപ്പോഴാണ് ഓടി ചെന്നത്. വീടിരുന്ന സ്ഥലത്ത് മുഴുവൻ പൊടിപടലം മാത്രം. സന്ധ്യ ചേച്ചിയുടെ കരച്ചിൽ കേൾക്കാമായിരുന്നു. ബിജു ചേട്ടന്റെ ശബ്ദം കേട്ടില്ല. എന്ത് ചെയ്യണമെന്ന് അറിയാതെ പതറിപ്പോയി. അടുത്ത് ആരും ഉണ്ടായിരുന്നില്ല. ഞാൻ ഉറക്കെ കരഞ്ഞു."- മരിച്ച ബിജുവിന്റെ സഹോദരൻ ശ്യാമിന്റെ ഭാര്യയും അയൽവാസിയുമായ അഞ്ജുവിന്റെ വാക്കുകളിൽ ദുരന്തം നേരിട്ട് കണ്ടതിന്റെ ഞെട്ടൽ അപ്പോഴുമുണ്ടായിരുന്നു. എല്ലാവരോടും മാറി താമസിക്കാൻ കഴിഞ്ഞ ദിവസമാണ് ആവശ്യപ്പെട്ടതെന്ന് അഞ്ജു പറയുന്നു. വീട് അത്ര സുരക്ഷിതമല്ലെന്ന് ബിജു ചേട്ടൻ പറഞ്ഞിരുന്നു. അപ്പോൾ തന്നെ ഇവിടെ താമസിക്കേണ്ടെന്നും തറവാട് വീട്ടിൽ നിൽക്കാമെന്നും അവരോട് പറഞ്ഞു. ബിജുവും സന്ധ്യയും ഞങ്ങളുടെ വീട്ടിലാണ് താമസിച്ചിരുന്നത്. രാത്രി പാചകം ചെയ്ത ഭക്ഷണം കഴിക്കാനും എടുക്കാനുമൊക്കെയായി ബിജുവും സന്ധ്യവും സ്വന്തം വീട്ടിലേക്ക് പോയതാണ്. തിരിച്ചുവരാൻ പല തവണ ഫോണിൽ വിളിച്ചു പറഞ്ഞു. ഒരു ഭീകര ശബ്ദം കേട്ടപ്പോഴാണ് ഓടി വന്നത്. വീടിരുന്നിരുന്ന സ്ഥലത്ത് മുഴുവൻ പൊടിപടലം മാത്രം. ചേച്ചിയുടെ കരച്ചിലാണ് ഉറക്കെ കേട്ടത്. ചേട്ടന്റ ശബ്ദമൊന്നും കേട്ടില്ല. ഞങ്ങൾ എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായി ദേശീയപാത ജീവനക്കാർ സ്ഥലത്ത് ഉണ്ടായിരുന്നു. അവർ ഓടി രക്ഷപ്പെടാൻ പറഞ്ഞു. സന്ധ്യ ചേച്ചി കരയുമ്പോൾ ഓടി രക്ഷപ്പെടാൻ തോന്നിയില്ല. ഞാൻ 112ൽ വിളിച്ചു. അപ്പോഴേക്കും വഴിയിലെ മണ്ണിടിഞ്ഞു"- അഞ്ജു പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |