നീലേശ്വരം: നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തിന് ഒരാണ്ട് തികയുന്നു. 2024 ഒക്ടോബർ 28ന് അർദ്ധരാത്രിയിൽ നടന്ന അപകടത്തിൽ ആറു പേരാണ് പൊള്ളലേറ്റ് ചികിത്സക്കിടെ മരിച്ചത്. രാത്രിയിൽ മൂവാളംകുഴി ചാമുണ്ടിയുടെ വെള്ളാട്ടത്തിനിടയിൽ ക്ഷേത്രത്തിന്റെ തൊട്ടടുത്ത് നിന്ന് വെടി പൊട്ടിക്കുമ്പോൾ തീനാളം പടക്കം സൂക്ഷിച്ച ക്ഷേത്രത്തിലെ മുറിയിലേക്ക് എത്തുകയും പിന്നീട് ഒരു തീഗോളമായി മാറുകയും ചെയ്തു.
കുഞ്ഞുങ്ങൾ മുതൽ പ്രായമായവർക്ക് വരെയായി 160 പേർക്ക് തീ പൊള്ളലേറ്റു. ശരീരം മുഴുവൻ പൊള്ളലേറ്റവർ നിരവധിയായിരുന്നു. ജില്ലയിലെ മുഴുവൻ ആംബുലൻസകളും സ്ഥലത്തെത്തി പൊള്ളലേറ്റവരെ മംഗളൂരു, കണ്ണൂർ, പരിയാരം, കോഴിക്കോട് തുടങ്ങിയിടങ്ങളിലെ ആശുപത്രികളിലെത്തിച്ചു. കരിന്തളം കിണാവൂർ റോഡിലെ സന്ദീപ്, മഞ്ഞളംക്കാട്ടെ ബിജു, കിണാവൂരിലെ രതീഷ്, രജിത്, ഓർക്കുളത്തെ ഷിബിൻ രാജ്, നീലേശ്വരം തേർവയലിലെ പത്മനാഭൻ എന്നിവരാണ് മരണപെട്ടത്. എന്നാൽ ഒരു വർഷം തികയുമ്പോഴും അപകടത്തെക്കുറിച്ച് പൊലീസ് നടത്തിയ അന്വേഷണം പൂർത്തിയായിട്ടില്ല. പരിക്കേറ്റ് ചികിത്സയിലുള്ളവരുടെയും സംഭവം നേരിൽ കണ്ടവരുടെയും മൊഴി ഇനിയും രേഖപ്പെടുത്താനുണ്ട്. ബന്തവസിലെടുത്ത സാമ്പിളുകളുടെ പരിശോധന ഫലം ജില്ലാ ഫോറൻസിക് ലാബിൽ നിന്ന് ഇനിയും ലഭിക്കാനുണ്ട്. ഇക്കാരണങ്ങൾ കൊണ്ട് തന്നെ കോടതിയിൽ കുറ്റപത്രം തയ്യാറാക്കി ഹാജരാക്കാൻ കഴിയുന്നില്ല. വെടിക്കെട്ടപകടത്തിൽ ക്ഷേത്രം പ്രസിഡന്റ് പടന്നക്കാട്ടെ റിട്ട. അദ്ധ്യാപകൻ ചന്ദ്രശേഖരൻ, സെക്രട്ടറി നീലേശ്വരം മന്ദംപുറത്തെ റിട്ട. എസ്.ഐ.കെ.ടി.ഭരതൻ, ഭാരവാഹികളായ എ.വി.ഭാസ്‌ക്കരൻ, തമ്പാൻ, ചന്ദ്രൻ,ബാബു, ശശി, വെടിമരുന്നിന് തീ കൊളുത്തിയ രതീഷ്, കൊടച്ചാലിലെ കെ.വി വിജയൻ എന്നിവർക്കെതിരെ കൊലപാതകം, നരഹത്യ ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ചേർക്കാണ് കേസെടുത്തിട്ടുള്ളത്. കേസിൽ ഉൾപ്പെട്ട ഒമ്പത് പേരിൽ നാല് പേരെ പ്രത്യേക അന്വേഷണ സംഘം തലവനായ ഡിവൈ.എസ്.പി. ബാബു പെരിങ്ങേത്ത് സംഭവം നടന്ന പിറ്റേന്ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഈ നാലുപേർക്ക് പിന്നീട് ഹൈക്കോടതി ജാമ്യം അനുവദിച്ചു. നീലേശ്വരം വെടിക്കെട്ടപകടം സംസ്ഥാന സർക്കാർ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |