
പത്തനംതിട്ട : കളിക്കളത്തിലൂടെ ലഹരിയെ തുരത്താൻ കുട്ടികളുടെ സേന പടയൊരുക്കം തുടങ്ങി. ജില്ലാ ശിശുക്ഷേമ സമിതിയും കുടുംബശ്രീയും ചേർന്ന് ലഹരിക്കതിരെ കളിയും കളിക്കളവും പദ്ധതി നടപ്പാക്കും. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും ഇതിനായി കളിക്കളങ്ങൾ സജ്ജമായി. ലഹരിയുടെ പിടിയിൽ പെടാതെ കുട്ടികളെ സംരക്ഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് പദ്ധതി പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തൽ. ആദ്യഘട്ടത്തിൽ ഫുട്ബോൾ കളികൾക്കാണ് പ്രധാന്യം. ഓരോ പഞ്ചായത്തിനും ആവശ്യമായ പന്തുകൾ ശിശുക്ഷേമ സമിതി വിതരണം ചെയ്തു. എല്ലാ പഞ്ചായത്തുകളിലും കുട്ടികളുടെ ടീമുകൾ രൂപീകരിച്ച് കളിക്കളങ്ങൾ തയ്യാറാക്കി. ഒഴിവുവേളകൾ ലഹരിക്കും മൊബൈലിനും പിന്നാലെ പോയി വഴി തെറ്റാതെ ആനന്ദകരമാക്കണമെന്ന ആശയമാണ് പദ്ധതിക്ക് പിന്നിൽ. സ്ഥിരം കളിക്കളങ്ങൾ തയ്യാറാക്കി പന്തുകൾ നൽകുന്നതോടെ കുട്ടികൾ മൈതാനങ്ങളിലേക്ക് ഇറങ്ങുമെന്നാണ് പ്രതീക്ഷ. കുട്ടികളുടെ ശാരീരികക്ഷമത കൂട്ടാനും രോഗപ്രതിരോധ ശേഷി ഉയർത്താനും പന്തുകളി പ്രയോജനപ്പെടും. ഒരു വർഷക്കാലം നീളുന്ന സുസ്ഥിര ലഹരി വിരുദ്ധ പരിപാടിയുടെ ഭാഗമായിട്ടാണ് പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്. അയൽക്കൂട്ടങ്ങൾ, സ്‌കൂൾ പി.ടി.എകൾ, റെസിഡന്റ്സ് അസോസിയേഷനുകൾ എന്നിവിടങ്ങളിലൂടെ ബോധവൽക്കരണവും നടത്തി വരുന്നു.
വാർഡുതലം മുതൽ
നവംബർ ആദ്യ വാരത്തോടെ വാർഡ് തല മത്സരങ്ങൾ പൂർത്തിയാകും. തുടർന്ന് പഞ്ചായത്ത് മത്സരങ്ങളും ബ്ലോക്ക്, ജില്ലാതല മത്സരങ്ങളും ഡിസംബർ മാസത്തിൽ പൂർത്തിയാകും.
രാവിലെയും വൈകുന്നേരങ്ങളിലും ലഭ്യമാകുന്ന സമയങ്ങൾ, അവധി ദിനങ്ങൾ എന്നിങ്ങനെയാണ് കുട്ടികൾ കളിക്കാൻ എത്തുന്നത്. 10 മുതൽ 17 വയസ് വരെയുള്ള കുട്ടികൾ ടീമിൽ ഉൾപ്പെടും. ഒരു ടീമിൽ അഞ്ചുപേരെന്ന കണക്കിൽ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേക ടീമുകളുണ്ട്.
പുതിയ താരങ്ങളെ കണ്ടെത്താം
നാട്ടിൻപുറങ്ങളിൽ ഫുട്ബോൾ കളികൾ സജീവമാകുന്നതോടെ പുതിയ താരങ്ങളെ കണ്ടെത്താനുമാകും. പന്തടക്കത്തോടെ എതിരാളിയുടെ പ്രതിരോധം തകർത്ത് മുന്നേറുന്ന ഫോർവേഡുകളും പ്രതിരോധത്തിന്റെ കരുത്തും മികച്ച ഗോളികളുമൊക്കാെ കളിക്കത്തിൽ നിന്ന് ഉയർന്നുവരാം.
സ്കൂൾ കുട്ടികൾക്ക് മാനസികവും ശാരീരികവുമായ കരുത്ത് പകരുകയാണ് ലക്ഷ്യം. ഇതിലൂടെ ലഹരിമാഫിയകളുടെ കൈകളിൽ പെടാതെ കുട്ടികളെ സംരക്ഷിക്കാൻ കഴിയും.
കുടുംബശ്രീ അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |