
വക്കം: അഞ്ചുതെങ്ങ് പഞ്ചായത്തിൽ കായൽ ടൂറിസത്തിന്റെ അനന്ത സാദ്ധ്യതകൾ കണക്കിലെടുത്ത് മീരാൻ കടവ് പാലത്തിനു താഴെയായി ബോട്ട് ജെട്ടി, കുട്ടികളുടെ പാർക്ക്, വെൽനസ് ക്ലബ്, കോഫി ഷോപ്പ്, വിശ്രമകേന്ദ്രം, പൊതു ടോയ്‌ലെറ്റ് എന്നിവ നിർമ്മിക്കാൻ ഭരണാനുമതി ലഭിച്ചു. കോസ്റ്റൽ ഷിപ്പിംഗ് ആൻഡ് ഇൻലാന്റ് നാവിഗേഷൻ വകുപ്പിന്റെ ധനസഹായത്താൽ നടപ്പാക്കുന്ന പദ്ധതിക്ക് 1,58,26,037 രൂപയാണ് അടങ്കൽ തുകയായി അനുവദിച്ചിട്ടുള്ളത്.
അഞ്ചുതെങ്ങ്, കടയ്ക്കാവൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മീരാൻ കടവ് പാലത്തിന് താഴെയായി അഞ്ചുതെങ്ങ് പഞ്ചായത്ത് പരിധിയിലാണ് പദ്ധതി നടപ്പിലാകുന്നത്. വർഷങ്ങളായി മീരാൻ കടവ് പ്രദേശവാസികളുടെ ആവശ്യമാണ് പദ്ധതിയിലൂടെ നടപ്പാക്കാൻ പോകുന്നത്.
തെരുവ് നായ്ക്കളും സാമൂഹ്യവിരുദ്ധരും
പാലത്തിനു താഴെ നിലവിൽ തെരുവ് നായ്ക്കളുടെയും സാമൂഹ്യവിരുദ്ധരുടെയും വിഹാരകേന്ദ്രമാണ്. രാത്രി കാലങ്ങളിൽ ഹോട്ടലിലേയും അറവുശാലകളിലേയും മാലിന്യങ്ങളും വീടുകളിലെയും മറ്റും വേസ്റ്റുകളും ചാക്കിൽ കെട്ടി ഇവിടെ നിക്ഷേപിക്കുയാണ്. ഇവ ഭക്ഷിക്കാനെത്തുന്ന തെരുവ് നായ്ക്കളുടെ ശല്യം കാരണം കാൽനടയാത്രക്കാരും വിദ്യാർത്ഥികളും ഉൾപ്പെടെ ഇതുവഴി സഞ്ചരിക്കുന്നത് ഇപ്പോൾ ഒഴുവാക്കിയമട്ടാണ്.
പദ്ധതി മുഖച്ഛായ മാറ്റും
പദ്ധതി നടപ്പാക്കുന്നതോടെ പ്രദേശത്തിന്റെ മുഖച്ഛായ മാറുകയും വിനോദസഞ്ചാരികൾക്കുള്ള സാദ്ധ്യതകൾക്ക് പുത്തൻ ഉണർവേകുകയും ചെയ്യും. പാലത്തിന്റെ തൂണുകളിൽ നിറങ്ങൾ നൽകി, ചുവർ ചിത്രങ്ങൾ ആലേഖനം ചെയ്യും. ബോട്ട് ജെട്ടിയും കുട്ടികളുടെ പാർക്കും, കായലിന് സാമാന്തരമായി കൈവരികളും, ഇരിപ്പിടങ്ങളും സ്ഥാപിക്കും, കൂടാതെ മീരാൻകടവിൽ നിന്നും ബോട്ടിൽ മുതലപ്പൊഴിയിലേക്കും പൊന്നുംതുരുത്തിലേക്കും ബോട്ട് സർവീസുകളും ആരംഭിക്കുന്ന തരത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. അഞ്ചുതെങ്ങ് പഞ്ചായത്തിന്റെ കാലങ്ങളായുള്ള ആവശ്യത്തിൻ പ്രകാരം ചിറയിൻകീഴ് എം.എൽ.എ വി.ശശിയുടെ ശ്രമഫലമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
നടപ്പിലാക്കുന്നത്
ബോട്ട് ജെട്ടി,
കുട്ടികളുടെ പാർക്ക്,
വെൽനസ് ക്ലബ്,
കോഫി ഷോപ്പ്,
വിശ്രമകേന്ദ്രം,
പൊതു ടോയ്ലെറ്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |