
തിരുവനന്തപുരം: അമ്മയെ സാക്ഷിയാക്കി സ്വർണത്തിലേക്ക് ഉയർന്ന് ചാടി കെ.എസ്. കേദാർനാഥ്. പൊന്നുമോന്റെ ലക്ഷ്യത്തിന് കരുത്താകുന്ന നേട്ടത്തിൽ സ്‌കൂൾ കായികമേളയിലെ മുൻ സ്വർണമെഡൽ ജേതാവിന് പറഞ്ഞറിയിക്കാനാക്കാത്ത സന്തോഷം. പൊന്നുമ്മ നൽകി ചേർത്തുനിറുത്തിയപ്പോൾ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ഹൈജംമ്പ് പിറ്റിൽ ചരിത്രനിമിഷംപിറന്നു. ഇടുക്കി പെരുവന്താനം സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസിലെ വിദ്യാർത്ഥിയാണ് കേദാർനാഥ്. 1.94 മീറ്റർ ചാടിക്കടന്നാണ് സ്വർണത്തിൽ മുത്തമിട്ടത്. പോയവർഷം വെങ്കലം നേടി മടങ്ങേണ്ടിവന്നതിന്റെ സങ്കടവും പമ്പകടത്തി.
കായികാദ്ധ്യാപികയാണ് കേദാർനാഥിന്റെ അമ്മ ബിനോഫ. അഞ്ചാംക്ലാസിൽ പഠിക്കെയാണ് മകനെയും കായികരംഗത്തേയ്ക്ക് കൈപിടിച്ച് നടത്തിയത്. ജില്ലാതലത്തിൽ സ്വർണനേട്ടങ്ങൾ ഏറെയുണ്ടെങ്കിലും കേദാർനാഥിന് സംസ്ഥാന മീറ്റിൽ പൊന്നുനേട്ടം അകലെയായിരുന്നു. ഇക്കുറി ഇത് ചാടിയെടുക്കാൻ ഉറച്ച് മുൻ നേവി കോച്ചായ സന്തോഷിന് കീഴിൽ തീവ്രപരിശീലനമായിരുന്നു. രണ്ട് മീറ്റർ മറികടക്കണമെന്നായിരുന്നു ലക്ഷ്യമിട്ടത്. ജില്ലയിൽ 1.97 മീറ്റർ ചാടിയാണ് തിരുവനന്തപുരത്തേയ്ക്ക് ടിക്കറ്റ് എടുത്തത്. ജില്ലയിലെ പ്രകടനം പുറത്തെടുക്കാനായില്ല. എങ്കിലും സ്വർണനേട്ടത്തിൽ സന്തോഷമുണ്ടെന്ന് കേദാർനാഥ് പറഞ്ഞു.
1995 മുതൽ 2000 വരെ സ്‌കൂൾ കായികമേളയിൽ നിറസാന്നിദ്ധ്യമായിരുന്നു ബിനോഫ. 1996 മുതൽ 98 വരെ ഹൈജമ്പിലും ഹർഡിൽസിലും സ്വർണം നേടിയിട്ടുണ്ട്. ഹൈജമ്പിലും ഹർഡിസിലും ദേശീയ വെങ്കലമെഡൽ ജേതാവ് കൂടിയായ ബിനോഫ ഇഞ്ചയാനി ഹോളിഫാമിലി സ്‌കൂളിൽ കായികാദ്ധ്യാപികയാണ്. പത്തനംതിട്ട എ.ആർ ക്യാമ്പലിലെ കുക്കായ മുണ്ടക്കയം കൊച്ചുകുടിയിൽ വീട്ടിൽ കെ.വി സനീഷാണ് പിതാവ്. അമ്മയെപോലെ ദേശീയമെഡലാണ് കേദാർനാഥിന്റെ സ്വപ്നം.
7902410949
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |