
തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ചാ കേസിൽ ദേവസ്വം ഉദ്യോഗസ്ഥർക്കെതിരെ നടപടി കടുപ്പിച്ച് എസ് ഐ ടി (സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം). രേഖകൾ നൽകാത്ത ഉദ്യോഗസ്ഥർക്കെതിരെ നിയമനടപി സ്വീകരിക്കുമെന്നാണ് എസ് ഐ ടി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇനി സാവകാശം നൽകാനാകില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
1999ൽ വിജയ് മല്യ സ്വർണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ ഉടൻ ലഭ്യമാക്കണം. ശബരിമലയിലെ മരാമത്ത് രേഖകൾ ഉൾപ്പെടെ അന്വേഷണത്തിന് അനിവാര്യമാണ്. രേഖകൾ കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് ഇനി സാവകാശം നൽകാനാവില്ലെന്നും എസ് ഐ ടി വ്യക്തമാക്കി.
കേസിൽ റിമാൻഡിൽ കഴിയുന്ന ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായ മുരാരി ബാബുവിനെ ഇന്ന് റാന്നി കോടതിയിൽ ഹാജരാക്കും. തുടർന്ന് എസ് ഐ ടി കസ്റ്റഡി അപേക്ഷ നൽകും. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്‌ണൻ പോറ്റിയെയും മുരാരി ബാബുവിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുമെന്നാണ് വിവരം.
ശബരിമലയിൽ നിന്ന് കടത്തിയ സ്വർണം ഹൈക്കോടതിയിൽ ഉടൻ ഹാജരാക്കുമെന്നാണ് അന്വേഷണ സംഘം അറിയിച്ചിരിക്കുന്നത്. അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിന് മുൻപ് പരമാവധി തെളിവുകൾ ശേഖരിക്കുകയാണ് ലക്ഷ്യമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഈ മാസം 30നാണ് പോറ്റിയുടെ കസ്റ്റഡി കാലാവധി അവസാനിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്തും വ്യാപാരിയുമായ ഗോവർദ്ധന്റെ ബെല്ലാരിയിലെ റൊദ്ദം ജുവലറിയിൽ നിന്നും കളവുപോയ സ്വർണം കണ്ടെടുത്തിരുന്നു. 500 ഗ്രാമിലേറെ ഭാരം വരുന്ന സ്വർണക്കട്ടികളാണ് കസ്റ്റഡിയിലെടുത്തത്. ശബരിമലയിലെ സ്വർണ്ണക്കൊളളയിൽ പങ്കില്ലെന്നും അന്വേഷണസംഘത്തിന് മൊഴി നൽകിയിട്ടുണ്ടെന്നുമാണ് ഗോവർദ്ധൻ മാദ്ധ്യമങ്ങളോട് പറഞ്ഞത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |