പാലക്കാട്: രണ്ട് പതിറ്റാണ്ടായി ഇടതിനൊപ്പം നിലയുറപ്പിക്കുന്ന ബ്ലോക്ക് പഞ്ചായത്താണ് പാലക്കാട്. എങ്കിലും കോൺഗ്രസിനും ലീഗിനും ബി.ജെ.പിക്കും വേരോട്ടമുള്ള മേഖലകളും ഏറെയുണ്ട്. 2005ൽ പ്രതിപക്ഷമില്ലാതെ ഭരണം നടത്തിയ ഇടതുമുന്നണിക്ക് ഇത്തവണ കാര്യങ്ങൾ അത്ര എളുപ്പമാകില്ലെന്നതാണ് വിലയിരുത്തൽ. ഇത്തവണത്തെ മത്സരം പൊടിപാറുമെന്ന് ഉറപ്പ്. കേരളശ്ശേരി, കോങ്ങാട്, മങ്കര, മണ്ണൂർ, മുണ്ടൂർ, പറളി, പിരായിരി പഞ്ചായത്തുകളാണ് പാലക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ വരിക. ഇതിൽ കേരളശ്ശേരി, കോങ്ങാട്, മണ്ണൂർ, മുണ്ടൂർ ഗ്രാമപഞ്ചായത്തുകൾ എൽ.ഡി.എഫിനൊപ്പമാണ്. പിരായിരിയിൽ യു.ഡി.എഫിനാണ് മേൽക്കൈ. മങ്കരയിൽ ഇരു മുന്നണികളും ഒപ്പത്തിനൊപ്പവും. പറളിയിലാകട്ടെ ബി.ജെ.പിക്ക് ശക്തമായ വേരോട്ടമുള്ള പഞ്ചായത്തുമാണ്. കണക്കിലെ കളിയിൽ തന്നെ പാലക്കാട് ബ്ലോക്കിന്റെ പോരാട്ട ചിത്രം വ്യക്തമാണ്. ഇടതിന് കോട്ടകാക്കാൻ വിയർപ്പൊഴുക്കേണ്ടിവരുമെന്ന് ഉറപ്പാണ്.
2005ൽ പ്രതിപക്ഷത്ത് ആരും ഇല്ലാതെ ഭരണം നടത്തിയപ്പോൾ 13 അംഗങ്ങളിൽ സി.പി.എം 12, സി.പി.ഐ 01 എന്നതായിരുന്നു കക്ഷിനില. എന്നാൽ അഞ്ച് വർഷത്തിനിപ്പുറം കാര്യങ്ങൾ മാറി. 2010 ൽ യു.ഡി.എഫ് വൻ തിരിച്ചുവരവ് നടത്തി. എൽ.ഡി.എഫിൽ സി.പി.ഐ ഒരു സീറ്റ് നിലനിർത്തിയപ്പോൾ സി.പി.എമ്മിന് ഏഴ് അംഗങ്ങളെ വിജയിപ്പിക്കാനേ കഴിഞ്ഞുള്ളൂ. പ്രതിപക്ഷത്തേക്ക് കയറിവന്ന കോൺഗ്രസ് അഞ്ച് സീറ്റും ലീഗ് ഒരു സീറ്റും നേടി. 2015 ആയപ്പോൾ സ്ഥിതി വീണ്ടും മാറിമറിഞ്ഞു. എൽ.ഡി.എഫിൽ സി.പി.എം ഒമ്പത് സീറ്റ് നേടുകയും സി.പി.ഐ ഒരുസീറ്റ് നിലനിർത്തുകയും ചെയ്തു. യു.ഡി.എഫിൽ കോൺഗ്രസ് മൂന്ന് സീറ്റിലേക്ക് ഒതുങ്ങിയപ്പോൾ മുസ്ലിം ലീഗ് സീറ്റ് നിലനിറുത്തി.
2020ൽ എൽ.ഡി.എഫിൽ സി.പി.എം 10 സീറ്റ് നേടിയപ്പോൾ സി.പി.ഐക്ക് നിലനിറുത്തിപോന്ന സീറ്റ് നഷ്ടപ്പെട്ടു. കോൺഗ്രസ് വീണ്ടും പരിതാപകരമായി. ലീഗ് സീറ്റ് നിലനിറുത്തിയപ്പോൾ കോൺഗ്രസ് ഒറ്റ അംഗത്തിലേക്ക് ചുരുങ്ങി. പക്ഷേ, അതുവരെ ചിത്രത്തിൽ ഇല്ലാതിരുന്ന എൻ.ഡി.എ രണ്ട് അംഗങ്ങളെ വിജയിപ്പിച്ച് കരുത്ത് കാട്ടി. 2025ൽ പാലക്കാട് ബ്ലോക്കിൽ 14ൽ നിന്ന് 15 ആയി സീറ്റ് വർദ്ധിച്ചിട്ടുണ്ട്.
നിലവിലെ കക്ഷിനില: ആകെ സീറ്റ്-13(2025ൽ 14). എൽ.ഡി.എഫ് 10 (സി.പി.എം10). യു.ഡി.എഫ് 02 (കോൺഗ്രസ് 01, ലീഗ് 01). എൻ.ഡി.എ 02 (ബി.ജെ.പി 02)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |