
കണ്ണൂർ: കോർപറേഷൻ പതിനഞ്ചാം ഡിവിഷനായ വാരത്ത് പ്രവർത്തകർ ആവശ്യപ്പെട്ടതനുസരിച്ചാണ് താൻ മത്സരിക്കുന്നതെന്ന് മുസ്ലീം ലീഗ് വിമത സ്ഥാനാർത്ഥി റയീസ് അസ്അദി. പ്രാദേശിക പ്രവർത്തകരുടെ വികാരത്തിനെതിരെയാണ് നേതൃത്വം സ്ഥാനാർത്ഥിയെ നിർത്തിയത്. വാർഡ് തലത്തിലുള്ള സ്ഥാനാർത്ഥിയെ നിർത്തണമെന്ന് 2015 മുതൽ പ്രവർത്തകർ ആവശ്യപ്പെടുന്നതാണ്. എന്നാൽ പ്രവർത്തകരുടെ വികാരം അംഗീകരിക്കാൻ പാർട്ടി നേതൃത്വം തയ്യാറാകുന്നില്ല. ജില്ലാ നേതൃത്വവുമായി വൈകിയ വേളയിൽ ഇനിയൊരു ചർച്ചയ്ക്കും തയ്യാറല്ലെന്നും റയീസ് അസ്അദി പറഞ്ഞു.
വാരം ഡിവിഷനിൽ തികഞ്ഞ വിജയ പ്രതീക്ഷയുണ്ട്. ജയിച്ചുകഴിഞ്ഞാൽ അപ്പോൾ നിലപാട് പ്രഖ്യാപിക്കും. മുസ്ലീം ലീഗ് ജില്ലാ നേതൃത്വവുമായി ചർച്ച നടത്തിയിട്ടില്ല. സംസ്ഥാന ഭാരവാഹിയായ അബ്ദുറഹ്‌മാൻ കല്ലായിയുമായി ചർച്ച നടത്താൻ തയ്യാറാണ്. മുസ്ലീംലീഗ് നേതൃത്വം നിർത്തിയ സ്ഥാനാർത്ഥിയെ പിൻവലിച്ച് തന്നെ പിൻതുണക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റയിസിനൊപ്പം ലീഗ് പ്രാദേശിക ഭാരവാഹികളായ ഹംസ ഹാജി പുല്ലാനിയോട്, അബ്ദുസമദ് പടിക്കൽ, വി.കെ. അബ്ദുൽ ജബ്ബാർ, പി.സി നൂറുദ്ദീൻ, എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |