കൊല്ലം: പത്രിക പിൻവലിക്കാനുള്ള സമയം ഇന്നലെ അവസാനിച്ചതോടെ ജില്ലയിൽ വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് മത്സര രംഗത്തുള്ളത് 5651 സ്ഥാനാർത്ഥികൾ. വിമതരെ മെരുക്കാനുള്ള മൂന്ന് മുന്നണികളുടെയും ശ്രമം ജില്ലയിൽ പൂർണമായി ഫലം കണ്ടിട്ടില്ല. മുന്നണിയിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാത്ത ചിലയിടങ്ങളിൽ ഘടകകക്ഷി സ്ഥാനാർത്ഥികൾ തമ്മിൽ മത്സരം രൂപപ്പെട്ടിരിക്കുന്നു. നേതൃത്വം പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും പലയിടങ്ങളിലും വിമതർ മത്സരത്തിൽ ഉറച്ചുനിൽക്കുകയാണ്.
കൊല്ലം കോർപ്പറേഷനിൽ നാല് ഡിവിഷനുകളിൽ യു.ഡി.എഫിന് റിബൽ സ്ഥാനാർത്ഥികളുണ്ട്. കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിലെ 29-ാം ഡിവിഷനിൽ കോൺഗ്രസ് റിബൽ ഉറച്ചുനിൽക്കുകയാണ്. നെടുവത്തൂർ പഞ്ചായത്തിലെ പുല്ലാമല വാർഡിൽ സി.പി.ഐ സ്ഥാനാർത്ഥിക്കെതിരെ സി.പി.എം ലോക്കൽ കമ്മിറ്റി അംഗം മത്സരത്തിൽ ഉറച്ചുനിൽക്കുകയാണ്. അദ്ദേഹത്തിന് കേരള കോൺഗ്രസ് (എം) പാർട്ടി ചിഹ്നം നൽകി. ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിലെ കിഴക്കേ കല്ലട ഡിവിഷനിൽ എൻ.ഡി.എയിലെ ബി.ജെ.പിക്കും ബി.ഡി.ജെ.എസിനും സ്ഥാനാർത്ഥികളുണ്ട്. യു.ഡി.എഫിന് വലിയ തലവേദനയായിരുന്ന അഞ്ചൽ, ചിതറ ജില്ലാ പഞ്ചായത്ത് സീറ്റുകളിലെ തർക്കം ഇന്നലെ രാവിലെ പരിഹരിച്ചു. അഞ്ചൽ സീറ്റ് ലീഗിന് നൽകിക്കൊണ്ട് ചിതറയിൽ കോൺഗ്രസ് മത്സരിക്കാൻ ധാരണയായി.
പരവൂരിലും ഓച്ചിറയിലും ലീഗ് ഒറ്റയ്ക്ക്
പരവൂരിൽ നാല് ഡിവിഷനുകളിലും ഓച്ചിറ ഗ്രാമപഞ്ചായത്തിൽ രണ്ട് വാർഡിലും മുസ്ലീം ലീഗ് ഒറ്റയ്ക്ക് മത്സരിക്കും. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിലെ കൊട്ടിയം ഡിവിഷനിലും ലീഗ് ഒറ്റയ്ക്കാണ് മത്സരിക്കുന്നത്.
ആകെ ലഭിച്ച പത്രികകൾ- 12135
തള്ളിയത്- 72
നിലവിൽ മത്സര രംഗത്തുള്ളത് - 5651
സ്ത്രീകൾ- 3133
പുരുഷന്മാർ- 2518
സ്ഥാനാർത്ഥികൾ തദ്ദേശ സ്ഥാപനം തിരിച്ച്
ജില്ലാ പഞ്ചായത്ത്- 98
കൊല്ലം കോർപ്പറേഷൻ- 202
മുനിസിപ്പാലിറ്റി
പരവൂർ- 104
പുനലൂർ- 108
കരുനാഗപ്പള്ളി- 118
കൊട്ടാരക്കര- 97
ബ്ലോക്ക് പഞ്ചായത്ത്
ഓച്ചിറ- 48
ശാസ്താംകോട്ട- 49
വെട്ടിക്കവല- 48
പത്തനാപുരം- 45
അഞ്ചൽ- 50
കൊട്ടാരക്കര- 43
ചിറ്റുമല- 43
ചവറ- 45
മുഖത്തല- 55
ചടയമംഗലം- 51
ഇത്തിക്കര- 46
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |