
കൊല്ലം: നഗരത്തിരക്കിലൂടെ സൈറൺ മുഴക്കി ചീറിപ്പായുന്ന ഓരോ ആംബുലൻസും പേറുന്നത് ഒരായിരം ജീവിതങ്ങളുടെ പ്രതീക്ഷയാണ്. എന്നാൽ, കഴിഞ്ഞ എട്ട് വർഷമായി, ഇന്ധനച്ചെലവിന് പോലും ഒരു രൂപപോലും വാങ്ങാതെ നിസ്വാർത്ഥമായി ഈ ദൗത്യം നിർവഹിക്കുകയാണ് സമുദ്രതീരത്തിലെ ആംബുലൻസ്.
ചാത്തന്നൂർ കല്ലുവാതുക്കൽ സമുദ്രതീരം മതേതര വയോജന കേന്ദ്രത്തിന്റെ ഭാഗമാണ് സൗജന്യ ആംബുലൻസ് സർവീസ്. സേവനം ജീവകാരുണ്യ പ്രവർത്തനം മാത്രമല്ല, മറിച്ച് റൂവൽസിംഗ് എന്ന മനുഷ്യന്റെ ഹൃദയത്തിലെ ഉണങ്ങാത്ത ഒരു മുറിവിൽ നിന്ന് പിറവിയെടുത്ത സ്നേഹ പ്രതിജ്ഞയാണ്.
സമുദ്രതീരം മതേതര വയോജന കേന്ദ്രം പ്രവർത്തനം തുടങ്ങി അഞ്ചാണ്ട് പിന്നിട്ട സമയം. 43 അന്തേവാസികളുമായി പ്രവർത്തനങ്ങളിൽ സജീവമാകുമ്പോഴും കടബാദ്ധ്യതകളുടെ ഞെരുക്കമേറുകയാണ്. അപ്പോഴും സൗജന്യ ആംബുലൻസ് സേവനത്തിന് മുടക്കം വരുത്താൻ എം.റൂവൽ സിംഗ് തയ്യാറല്ല. 2017 ജൂലായ് 1നാണ് സമുദ്ര ചാരിറ്റബിൾ ട്രസ്റ്റിന്റെ സൗജന്യ ആംബുലൻസ് നിരത്തിലിറങ്ങിയത്.
പാരിപ്പള്ളി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരു വസ്ത്ര അലമാരയും റൂവൽസിംഗ് വച്ചിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ് എത്തുന്നവർക്ക് ഈ അലമാരയിൽ നിന്നും സൗജന്യമായി പുതിയ വസ്ത്രങ്ങളെടുത്ത് ഉപയോഗിക്കാം.
അമ്മയോളം കനിവോടെ സർവീസ്
വർഷങ്ങൾക്ക് മുമ്പ് റുവൽസിംഗിന്റെ അമ്മയ്ക്ക് പാമ്പുകടിയേറ്റു. ജീവൻ രക്ഷിക്കാനായി സമയത്ത് ആശുപത്രിയിലെത്തിക്കാൻ ഒരു വാഹനം ലഭിക്കാതെ ഏറെ ബുദ്ധിമുട്ടി. വാടക വാഹനം വിളിക്കാൻ പണവും ഉണ്ടായിരുന്നില്ല. ഏറെ കഷ്ടപ്പെട്ടാണെങ്കിലും അന്ന് അമ്മയെ ആശുപത്രിയിലെത്തിച്ച് ജീവൻ തിരികെപ്പിടിച്ചു. എന്നാലും ആ നിസഹായത റൂവൽസിംഗിന്റെ മനസിനെ വേട്ടയാടി. അങ്ങനെ പുതിയ ആംബുലൻസ് വാങ്ങി നിരത്തിലിറക്കി. അപകടം ഉണ്ടാകുമ്പോഴും, കടുത്ത രോഗം ബാധിച്ചവരെ ആശുപത്രിയിലെത്തിക്കേണ്ടപ്പോഴുമടക്കം സമുദ്ര ട്രസ്റ്റിന്റെ ആംബുലൻസ് സൗജന്യ സർവീസിനെത്തും. പണത്തിന് വേണ്ടിയല്ല, മറിച്ച് ജീവന്റെ വിലയറിഞ്ഞുള്ള സേവനമാണെന്ന് നാട്ടുകാർക്കുമറിയാം. എട്ട് വർഷമായി ഡ്രൈവർക്ക് വേതനവും ഇന്ധന ചെലവും മറ്റ് ചെലവുകളുമൊക്കെയായി ആംബുലൻസ് രാപകൽ ഭേദമില്ലാതെ സർവീസ് നടത്തുകയാണ്.
സൗജന്യ ആംബുലൻസ് സർവീസിന് എട്ട് വർഷമായി. സേവനത്തിനായി ഒരെണ്ണംകൂടി പുതിയത് വാങ്ങണമെന്നുണ്ട്.
എം.റുവൽസിംഗ്,
സമുദ്രതീരം ചെയർമാൻ,
ഫോൺ: 9446909911
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |