കൊച്ചി: ട്രേഡിംഗ് തട്ടിപ്പിൽ കുരുങ്ങുന്ന യുവാക്കളുടെ എണ്ണത്തിൽ വർദ്ധന. കലൂർ സ്വദേശിയായ 25കാരനാണ് ജില്ലയിൽ ഒടുവിൽ തട്ടിപ്പിന് ഇരയായത്. 27 ലക്ഷം രൂപ നഷ്ടപ്പെട്ടു. യുവാവിന്റെ പരാതിയിൽ എറണാകുളം നോർത്ത് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. സുബ്രനീർ ബാനർജി, സുജൻ രക്ഷിത്, ബസു എന്നിവർക്കെതിരെയാണ് കേസ്. മൂവരും കൊൽക്കത്ത സ്വദേശികളെന്നാണ് വിവരം. ജൂൺ 17നാണ് പ്രതികൾ പരാതിക്കാരനെ സമൂഹമാദ്ധ്യമം വഴി സമീപിക്കുന്നത്. പോപ്പീവേൾഡ് എന്ന വെബ്സൈറ്റ് വഴി ട്രേഡ് ചെയ്താൽ നിക്ഷേപത്തിന് നല്ലൊരു ശതമാനം ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ചു. അന്നുതന്നെ 1600 യു.എസ്. ഡോളറും 22ന് വീണ്ടും 6500 യു.എസ്. ഡോളറും നിക്ഷേപിച്ചു.
വെബ്സൈറ്റിലെ അക്കൗണ്ടിൽ നിക്ഷേപം കാണിച്ചിരുന്നു. ഇത് ഓരോ ദിവസവും കൂടിവന്നിരുന്നു. അടുത്തിടെ പ്രതികൾ യുവാവിനെ കൊൽക്കത്തയിൽ എത്തിച്ചതായും വിവരമുണ്ട്. തുടർന്നാണ് 26കാരൻ അടുത്ത ബന്ധുവിന്റെ അക്കൗണ്ടിൽ നിന്ന് 27 ലക്ഷം രൂപ സുജൻ രക്ഷിതിന്റെ അക്കൗണ്ടിലേക്ക് കൈമാറിയത്. എന്നാൽ വാഗ്ദാനം ചെയ്തത്ര ലാഭം നൽകാതെ വന്നതോടെ യുവാവ് നിക്ഷേപം പിൻവലിക്കാൻ തീരുമാനിച്ചു. പക്ഷേ തുക പിൻവലിക്കാൻ സാധിച്ചില്ല. ഇടപാടുകാരുടെ ഫോണും സ്വിച്ച്ഓഫായി. ഇതോടെയാണ് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞത്. ഉടൻ പൊലീസിനെ സമീപിക്കുകയായിരുന്നു. കൊച്ചിയിൽ മാത്രം പത്തിലധികം ട്രേഡിംഗ് തട്ടിപ്പ് കേസുകളാണ് ഏതാനും മാസത്തിനിടെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
തട്ടിപ്പുകൾ ഇങ്ങനെ
വൻലാഭമുണ്ടെന്ന് വാട്‌സ്ആപ്പ് കോളിലൂടെയും യൂട്യൂബർമാർ വഴിയും പ്രചരിപ്പിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ അംഗമാക്കും. ലക്ഷങ്ങൾ ലാഭം കിട്ടിയെന്ന മെസേജുകൾ നിറഞ്ഞ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ വദേശികളാണ് എളുപ്പം കോടീശ്വരനാകാനുള്ള 'വിദ്യകൾ' പഠിപ്പിക്കുന്നത്. 1000 രൂപയിൽ തുടങ്ങുന്ന ട്രേഡിംഗ് പരീക്ഷണത്തിൽ വിശ്വാസ്യത ഏറുംതോറും തുക കൂട്ടുന്നവർക്ക് വൻതുക നഷ്ടമാകും. ലക്ഷങ്ങൾ പെട്ടിയിലായെന്ന് ഉറപ്പായാൽ തട്ടിപ്പ് സംഘം വാട്‌സ്ആപ്പ് ബ്ലോക്ക് ചെയ്ത് മുങ്ങും. തുക പിൻവലിക്കാൻ ശ്രമിക്കുമ്പോഴാണ് കബളിപ്പിക്കൽ തിരിച്ചറിയുക.
തട്ടിപ്പിൽ വീഴാതിരിക്കാൻ
ഡി മാറ്റ് അക്കൗണ്ട് ഉപയോഗിച്ചേ ട്രേഡിംഗ് നടത്താനാകൂ. ഇടനിലക്കാർക്ക് പണം നൽകിയുള്ള ട്രേഡിംഗ് സുരക്ഷിതമല്ല. സ്ഥാപനത്തിന് സെബിയുടെ അംഗീകാരമുണ്ടോയെന്നും പരിശോധിക്കണം. ട്രേഡിംഗ് പ്ലാറ്റ്‌ഫോമും പണം നിക്ഷേപിക്കാനുള്ള ആപ്പും വ്യാജമായി നിർമ്മിച്ചാണ് തട്ടിപ്പ്.
1880 കേസ്
സംസ്ഥാനത്ത് സെപ്തംബർ വരെ രജിസ്റ്റർ ചെയ്തത് 1880 സൈബർ കേസുകൾ. ഇതിൽ അധികവും സാമ്പത്തിക തട്ടിപ്പുകളാണ്. 2020ൽ 426 കേസുകളാണ് ഉണ്ടായിരുന്നത്. കഴിഞ്ഞവർഷം 3581 ആയിരുന്നു.
വർഷം -കേസ്
2020-426
2021- 626
2022- 773
2023-3295
2024- 3581
2025-1810
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |