
തിരുവനന്തപുരം: അഞ്ചു മാസത്തിനകം നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിനുള്ള സെമി ഫൈനൽ എന്ന് വിശേഷിപ്പിക്കാവുന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പരസ്യ പ്രചാരണത്തിന് കൊടിയിറക്കം. ഇന്നു നിശബ്ദ നീക്കങ്ങളുടെ ഇടവേള. 1.32 കോടി വോട്ടർമാർ നാളെ ബൂത്തിലേക്ക്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് വോട്ടെടുപ്പ്. 595 തദ്ദേശ സ്ഥാപനങ്ങളിലെ 11,168 വാർഡുകളിലാണ് വിധിയെഴുത്ത്. വീറുറ്റ പോരാട്ടമാണ് മൂന്ന് മുന്നണികളും കാഴ്ചവച്ചത്. ഇന്നലെ നടന്ന കലാശക്കൊട്ടിൽ ആവേശം വാനോളമുയർന്നു.
471 ഗ്രാമപഞ്ചായത്തുകളിലെ 8310 വാർഡുകൾ, 75 ബ്ലോക്ക് പഞ്ചായത്തുകളിലെ 1090 വാർഡുകൾ, 7 ജില്ലാപഞ്ചായത്തുകളിലെ 164 വാർഡുകൾ, 39 മുനിസിപ്പാലിറ്റികളിലെ 1371 വാർഡുകൾ, 3 കോർപ്പറേഷനുകളിലെ 233 വാർഡുകൾ എന്നിവിടങ്ങളിലാണ് നാളെ വോട്ടെടുപ്പ്.
തദ്ദേശ യുദ്ധത്തിൽ മേൽക്കൈ നേടുന്നവർക്ക് കരളുറപ്പോടെ നിയമസഭ തിരഞ്ഞെടുപ്പിന്റെ പോർക്കളത്തിലിറങ്ങാം. നിയമസഭയിൽ വീണ്ടും തുടർഭരണമെന്ന അതുല്യ നേട്ടമാണ് എൽ.ഡി.എഫ് ലക്ഷ്യം. പത്തുവർഷം ഭരണം കിട്ടാത്തതിന്റെ ക്ഷീണമകറ്റി, തിരിച്ചുവരവാണ് യു.ഡി.എഫ് ശ്രമം. ദേശീയ തലത്തിലെ ആധിപത്യത്തിന്റെ പ്രതിഫലനം കേരളത്തിലുണ്ടാക്കുമെന്ന വാശിയിൽ ബി.ജെ.പിയും.
വിഷയം സ്വർണക്കൊള്ളയും രാഹുൽ മാങ്കൂട്ടത്തിലും
1. ആനുകൂല്യങ്ങളുടെയും ക്ഷേമത്തിന്റെയും വമ്പൻ പ്രഖ്യാപനത്തിലൂടെ വോട്ടർമാരുടെ മനസിലിടം നേടുകയാണ് എൽ.ഡി.എഫ് തന്ത്രം. എന്നാൽ, ശബരിമല സ്വർണത്തട്ടിപ്പ് പുറത്തു വരികയും രണ്ട് ദേവസ്വം മുൻ പ്രസിഡന്റുമാർ അഴിക്കുള്ളിലാവുകയും ചെയ്തതോടെ പ്രതിരോധത്തിലായി. അതിനിടെ, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന വെളിപ്പെടുത്തലുണ്ടായത് പിടിവള്ളിയായി
2. രാഹുൽ വിഷയത്തിൽ യു.ഡി.എഫ് പ്രതിരോധത്തിലായി. സസ്പെൻഷൻ നടപടിയുടെ പേരിൽ പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും സ്ഥിതിഗതികൾ വഷളായി. രാഹുലിനെതിരെ കേസെടുക്കുകയും ഒളിവിൽ പോവുകയും ചെയ്തതോടെ വിശദീകരിക്കാൻ പാടുപെട്ടു.
3. രണ്ട് മുന്നണികളും പ്രതിരോധത്തിലായത് തങ്ങളുടെ മുന്നോട്ടു പോക്ക് സുഗമമാക്കുമെന്ന് എൻ.ഡി.എ നേതൃത്വം വിലയിരുത്തി. എന്നാൽ, ചില്ലറ ആഭ്യന്തര സൗന്ദര്യപ്പിണക്കങ്ങളും ബി.ഡി.ജെ.എസുമായുള്ള സ്വരച്ചേർച്ചയില്ലായ്മയുമൊക്കെ ബി.ജെ.പി ക്യാമ്പിലും അസ്വസ്ഥത പരത്തി. വയനാട് ദുരന്തത്തിലടക്കം കേന്ദ്രം കാട്ടിയ അവഗണനയും വിമർശനത്തിനിടയാക്കി.
1,32,83,789
ആകെ വോട്ടർമാർ
62,51,219
പുരുഷന്മാർ
70,32,444
സ്ത്രീകൾ
126
ട്രാൻസ്‌ജെൻഡേഴ്സ്
36,630
ആകെ സ്ഥാനാർത്ഥികൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |