
ബീജിംഗ്: കൂട്ടുകാരുടെ കൈവശമുള്ള വിലയേറിയ വസ്‌തുക്കൾ തനിക്കും വേണമെന്ന് പറഞ്ഞ് വാശി പിടിക്കുന്ന ധാരാളം കുട്ടികളുണ്ട്. എന്നാൽ കൂട്ടുകാരോടുള്ള സ്‌നേഹം പ്രകടിപ്പിക്കാനായി സ്വന്തം അമ്മയുടെ സ്വർണമാല തന്നെ നൽകിയിരിക്കുകയാണ് കിഴക്കൻ ചൈനയിലെ ഒരു എട്ടു വയസുകാരൻ. ഇത് കുട്ടിയുടെ മാതാപിതാക്കൾ അറിഞ്ഞില്ലെന്നുമാത്രം. സ്വർണമാല ചെറിയ കഷ്‌ണങ്ങളാക്കി കടിച്ച് മുറിച്ചാണ് കൂട്ടുകാരിൽ ഓരോരുത്തർക്കും സമ്മാനമായി നൽകിയത്. ഇവരിലൊരാൾ കുട്ടിയുടെ സഹോദരിയോട് ഇക്കാര്യം പറഞ്ഞതോടെയാണ് മാതാപിതാക്കൾ വിവരം അറിഞ്ഞത്.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ആൺകുട്ടി മാലയെടുത്ത കാര്യം സമ്മതിച്ചത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഡ്രോയർ തുറന്ന് കുട്ടി മാലയെടുക്കുന്നതായി കണ്ടു. ഇതേ തുടർന്ന് കുട്ടിയുടെ പിതാവ് അവനെ മർദ്ദിച്ചതായും റിപ്പോർട്ടുകളുണ്ട്.
പിന്നീട് അന്വേഷണം നടത്തി മാല വീണ്ടെടുക്കാൻ ശ്രമം നടത്തിയെങ്കിലും ചുരുക്കം ചില ഭാഗങ്ങൾ മാത്രമാണ് അവർക്ക് തിരികെ ലഭിച്ചത്. മാലയുടെ വിലയെക്കുറിച്ച് ധാരണയില്ലായിരുന്നെന്നാണ് എട്ടുവയസുകാരൻ പ്രതികരിച്ചത്. മാല ചെറിയ കഷ്‌ണങ്ങളാക്കാൻ ആദ്യം പ്ലയറുപയോഗിച്ചെങ്കിലും പരാജയപ്പെട്ടതോടെ കടിച്ച് മുറിക്കുകയായിരുന്നെന്ന് കുട്ടി പറഞ്ഞു. ആർക്കൊക്കെയാണ് സമ്മാനമായി നൽകിയതെന്ന് ഓർമയില്ലെന്നും ബാക്കി ഭാഗങ്ങൾ എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് അറിയില്ലെന്നുമാണ് കുട്ടിയുടെ മൊഴി.
ഭർത്താവ് തനിക്ക് വിവാഹസമ്മാനമായി തന്ന മാലയാണ് മകൻ ചെറിയ കഷ്‌ണങ്ങളാക്കി കൂട്ടുകാർക്ക് കൊടുത്തതെന്ന് യുവതി സോഷ്യൽ മീഡിയയിൽ കുറിച്ചു. കുട്ടിയെ മർദിച്ച പിതാവിന്റെ നടപടി രാജ്യത്തെ ശിശുസംരക്ഷണ നിയമപ്രകാരം കുറ്റകരമാണെന്ന് സോഷ്യൽ മീഡിയയിൽ പലരും പ്രതികരിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |