
ക്യാൻസറിന് കാരണമാകുന്ന മുട്ടയുമായി ബന്ധപ്പെട്ട പോസ്റ്റുകൾ സമൂഹമാദ്ധ്യമങ്ങളിൽ നിറയുകയാണ്. പ്രമുഖ മുട്ട ബ്രാൻഡ് ആയ എഗ്ഗോസ് ന്യൂട്രീഷനുമായി ബന്ധപ്പെട്ട പോസ്റ്റുകളാണ് വൈറലാവുന്നത്. ഗുണമേന്മയുള്ള, രാസരഹിത മുട്ടകളുടെ പേരിൽ പ്രശസ്തമായ ബ്രാൻഡ് ആണ് എഗ്ഗോസ്.
ആരോഗ്യ ഉത്പന്നങ്ങൾ പരിശോധനയ്ക്കായി സ്വതന്ത്ര ലാബുകളിലേക്ക് അയയ്ക്കുന്നതിന് പേരുകേട്ട 'ട്രസ്റ്റിഫൈഡ്' എന്ന യൂട്യൂബ് ചാനലിൽ നിന്നുള്ള ഒരു വീഡിയോയോടെയാണ് ചർച്ചകൾക്ക് വഴിവച്ചത്. എഗ്ഗോസ് മുട്ടകളുടെ സാമ്പിളുകളിൽ ആന്റിബയോട്ടിക് നൈട്രോഫുറാന്റെ മെറ്റബോളൈറ്റായ 'എഒഇസെഡ്' പോസിറ്റീവ് ആണെന്ന് യുട്യൂബ് ചാനൽ പുറത്തുവിട്ട റിപ്പോർട്ടിൽ ആരോപിക്കുന്നു. ക്യാൻസറുമായി ബന്ധപ്പെട്ടതിനാൽ കോഴി വളർത്തലിൽ ഈ രാസവസ്തു ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. 0.73 പാർട്സ് പെർ ബില്യൺ 'എഒഇസെഡ്' മാത്രമാണ് എഗ്ഗോസ് മുട്ടകളിൽ കണ്ടെത്തിയതെങ്കിലും "100 ശതമാനം ആന്റിബയോട്ടിക് ഫ്രീ" എന്ന ബ്രാൻഡിന്റെ വാഗ്ദാനത്തെ ഇത് പ്രതികൂലമായി ബാധിക്കുകയായിരുന്നു.
അതേസമയം, എഗ്ഗോസ് മുട്ടയിൽ കാർസിനോജൻ കണ്ടെത്തിയതിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ചില ഡോക്‌ടർമാർ വ്യക്തമാക്കുന്നു. എഗ്ഗോസ് മുട്ടയിൽ കണ്ടെത്തിയ കാർസിനോജന്റെ അളവ് വളരെ കുറവാണ്. നേരിയ അളവിലുള്ള ഇവ ആരോഗ്യത്തിന് പെട്ടെന്നുള്ള ഗുരുതര ഭീഷണി ഉയർത്തുന്നില്ല. എന്നാൽ വിശ്വാസ ലംഘനവും ഇത്തരം രാസവസ്തുക്കൾ ഭക്ഷ്യ ശൃംഖലയിൽ എങ്ങനെ പ്രവേശിക്കുന്നു എന്നതുമാണ് കൂടുതൽ ആശങ്കയുയർത്തുന്നതെന്നും ചില ഡോക്‌ടർമാർ അഭിപ്രായപ്പെട്ടു. ആരോപണങ്ങളിൽ പ്രതികരിച്ച് എഗ്ഗോസ് കമ്പനിയും രംഗത്തെത്തി. തങ്ങളുടെ ഉത്പന്നം സുരക്ഷിതമാണെന്നും സാങ്കേതികമായി ഇന്ത്യൻ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്നുമാണ് കമ്പനിയുടെ അവകാശവാദം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |